എഡിറ്റോറിയല്‍
മുണ്ടക്കൈയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ നാട് വിങ്ങിപ്പൊട്ടുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങളെ അടിമുടി ഈ ദുരന്തം തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകളായി ജനങ്ങള്‍ ജീവിച്ചു വന്നിരുന്ന ഇവിടെ ഇത്തരത്തിലുള്ള ഒരു ദുരന്തമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. പ്രകൃതി ദുരന്തത്തിന്റെ തീവ്രത അതിഭയങ്കരമായിരുന്നു. അര്‍ദ്ധരാത്രിയിലാണ് ദുരന്തമുണ്ടായത് എന്നതിനാല്‍ അപകടവും വലിയ രൂപത്തിലാണുണ്ടായത്. ഉറങ്ങാന്‍ കിടന്ന മനുഷ്യരും അവരുടെ ജനവാസ സ്ഥലങ്ങളുമാണ് പ്രളയത്തില്‍ ഒലിച്ച് പോയത്. ഈ വരികള്‍ എഴുതുമ്പോഴും അവിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. പട്ടാളവും, മറ്റ് സംവിധാനങ്ങളും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈയിലേക്ക് പ്രവേശിക്കുന്നതിനുള്ള പാലം ഏറെ ശ്രമകരമായി പട്ടാളം പുനര്‍ നിര്‍മ്മിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി കൂടുതല്‍ പരിശോധനകള്‍ നടത്തിയതിന് ശേഷം മാത്രമേ ദുരന്തത്തിന്റെ ആഴം കൂടുതല്‍ വ്യക്തമാവൂ.
മുണ്ടക്കൈയും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍ പൊട്ടല്‍ അത്യുഗ്രമായ ബോംബ് സ്‌ഫോടനത്തിന് സമാനമാണെന്നാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) വ്യക്തമാക്കിയിട്ടുള്ളത്. അവിടെയുണ്ടായ അതിശക്തമായ മഴയില്‍ വെള്ളം ഭൂയിലിറങ്ങി മണ്ണില്‍ നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ പാറകള്‍ പോലും തകര്‍ത്ത്് കിലോമീറ്ററുകളോളം തെറിച്ചുപോയി എന്ന് മനസ്സിലാക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തിയും അതുമൂലമുണ്ടായ നാശനഷ്ടവും വ്യക്തമാകുന്നതാണ്. ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് അവിടെ നടന്നത്. അതുകൊണ്ട് തന്നെ അപകടത്തില്‍ പരിക്ക് പറ്റിയ പലരെയും രക്ഷിക്കാനായി.
സൈന്യത്തിന്റെ സേവനം മഹത്തരമാണെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. അതിസാഹസികമായാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. നാടിന്റെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ സന്നദ്ധ പ്രവര്‍ത്തകരും സഹായ ഹസ്തവുമായി ഓടിയടുത്ത് പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി. രക്ഷാ പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത്. അതുകഴിഞ്ഞാല്‍ നിരാലംബരായ ആയിരക്കണക്കിന് പേര്‍ക്ക് സുരക്ഷയൊരുക്കാന്‍ നാടൊന്നാകെ അണിനിരക്കേണ്ടതായിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ഈ സമയത്ത് എല്ലാവരും ഒന്നിച്ച് നിന്ന് ഈ വിപത്തിനെ നേരിടുകയാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍, ബന്ധുമിത്രാദികളെ നഷ്ടപ്പെട്ടവര്‍ കണ്ണീര്‍ വിലാപമാണ് അവിടെ നിന്നുയരുന്നത്. അവരെയെല്ലാം ചേര്‍ത്തുപിടിച്ച് സംരക്ഷിക്കാന്‍ നമുക്കാവണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ കഴിയേണ്ടതായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ആഭ്യന്ത്രര മന്ത്രി അമിത്ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പ്രൈവറ്റ് മേഖല, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മത സംഘടനകള്‍ എല്ലാവരും ഒന്നിച്ച് കൈകോര്‍ത്ത് ഈ ദുരന്തക്കയത്തില്‍ നിന്ന് ഇരയായവരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ഒന്നിച്ചണിനിരക്കേണ്ടതുണ്ട്.