നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല; ചൂരല്‍മലയില്‍ ഉരുക്ക് പാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി

നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല; ചൂരല്‍മലയില്‍ ഉരുക്ക് പാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി

വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ കുത്തിയൊഴുകുന്ന മലവെള്ളത്തിനു മുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഉരുക്കുപാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി. മുണ്ടക്കെയേയും ചൂരല്‍ മലയേയും ബന്ധിപ്പിക്കുന്ന പാലം
ഉരുളില്‍ ഒലിച്ചു പോയത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസമാണ് സൃഷ്ടിച്ചത്. കാലാവസ്ഥ പ്രതികൂലമായിട്ടും നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് സൈന്യത്തിന് അവിടെ പാലം നിര്‍മ്മിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മിച്ചത്. താല്‍ക്കാലികമായുണ്ടാക്കിയ പാലങ്ങളെല്ലാം മഴവെള്ളപ്പാച്ചിലില്‍ തകരുകയും രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തതാണ് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ സൈന്യത്തെ പ്രേരിപ്പിച്ചത്. സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഉറ്റവരെ മണ്ണിനടിയില്‍ നിന്നും രക്ഷിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ദുരന്തത്തില്‍ ബാക്കിയായവര്‍ക്കുള്ള ആശ്വാസം.
ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്ലി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഫാബ്രിക്കേറ്റഡ് ബീമുകളും സാമഗ്രികളും കണ്ണൂര്‍ വിമാനത്താവളം വഴിയാണു വയനാട്ടിലെത്തിച്ചത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയര്‍ന്നത്. മുണ്ടക്കൈ മേഖലയിലെ തുടര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വേഗതയേറും. ആര്‍മിയെ സഹായിക്കാനുള്ള മറ്റു വാഹനങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘങ്ങള്‍ക്കും ഇത് വലിയ ആശ്വാസമായി.മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം സൈന്യത്തിന്റെ പാലം നിര്‍മാണം നിരീക്ഷിക്കാന്‍ ഇവിടെ എത്തിയിരുന്നു.

 

 

നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല;
ചൂരല്‍മലയില്‍ ഉരുക്ക് പാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി

 

Share

Leave a Reply

Your email address will not be published. Required fields are marked *