4 കോടി രൂപ ധനസഹായം നല്‍കി
കൊച്ചി: മേപ്പാടിയിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി 4 കോടി രൂപയുടെ ധനസഹായവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിന് പുറമെയാണ് നാലു കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചത്. ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. ക്യാംപുകളില്‍ കഴിയുന്ന വീടുകള്‍ നഷ്ടമായവര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ രണ്ടരക്കോടി രൂപ ചെലവഴിക്കും. ചികിത്സാര്‍ത്ഥം വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ എത്തിയ ദുരന്തത്തിലകപ്പെട്ടവര്‍ക്ക്് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ദുരന്തബാധിത മേഖലയില്‍ കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളായ ആസ്റ്റര്‍ മെഡിസിറ്റി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സജീവമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും ഗവണ്മെന്റ് ആശുപത്രികളുമായി ചേര്‍ന്നാണ് ഇവിടുത്തെ ചികിത്സ ഏകോപിപ്പിക്കുന്നത്. ചൂരല്‍മലയിലും മുണ്ടക്കൈക്ക് സമീപവും രക്ഷാപ്രവര്‍ത്തനത്തില്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സംഘം ദുരന്തമുണ്ടായ ആദ്യദിവസം മുതല്‍ സജീവമാണ്. ഇവര്‍ക്കൊപ്പം ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുമുണ്ട്.
ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാനും ദുരിതബാധിതര്‍ക്ക് ആധുനിക ചികിത്സ നല്‍കാനും അവസരമൊരുക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അധികൃതര്‍ അറിയിച്ചു.