മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്നില്ലാതായ ചൂരല്‍മലയും മുണ്ടക്കൈയും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തകരോടും സൈന്യത്തോടും പ്രദേശത്തെ സ്ഥിതിഗതികള്‍ ആരാഞ്ഞു. മുണ്ടക്കൈയെ ബന്ധിപ്പിക്കുന്നതാല്‍ക്കാലിക പാലമായ ബെയ്ലി പാലത്തിന്റെ നിര്‍മാണ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, എഡിജിപി അജിത്കുമാര്‍, തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍ ബെയ്‌ലി പാലം പ്രാവര്‍ത്തികമാകണം. ആ ഭാഗത്തേക്ക് തിരച്ചിലനുള്ള യന്ത്രങ്ങള്‍ക്ക് ഇതുവരെ എത്തിപ്പെടാനായില്ല.ഒരു പക്ഷേ ഇനിയും ഒരുപാട് പേര്‍ മണ്ണിനടിയില്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്. മാത്രമല്ല ഉരുള്‍ പൊട്ടലിന്റെ ഉത്ഭവ സ്ഥാനത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യതയും പറയുന്നുണ്ട്.അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മരണം 274 ആയി ഉയര്‍ന്നു. 5000 ത്തിലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. 200 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് റിപ്പോര്‍ട്ട്.