കോഴിക്കോട്: രാജ്യത്തെയൊന്നാകെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തോട് അതിന്റെ ഗൗരവമുള്‍ക്കൊണ്ട് പ്രതികരിക്കാന്‍ തയാറാവാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും 150ഓളം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒരു ഗ്രാമം തന്നെ കുത്തിയൊലിച്ചുപോവുകയും ചെയ്ത സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു. ഹൃസ്വ സന്ദര്‍ശനാര്‍ഥം കോഴിക്കോട്ടെത്തിയ അദ്ദേഹം വയനാടിലെ ഉരുള്‍പ്പൊട്ടലും മലപ്പാച്ചിലും സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി പ്രതികരിക്കുകയായിരുന്നു.
അത്യപൂര്‍വമായ പ്രകൃതി ദുരന്തമാണ് അവിടെ സംഭവിച്ചത്. അസം, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പ്രത്യേക പ്രളയ ഫണ്ട് വകയിരുത്തിയ കേന്ദ്രസര്‍ക്കാരിന് കേരളത്തിന്റെ കാര്യം വരുമ്പോള്‍ എന്തേയ് കൈ വിറക്കുന്നത്? കേരളം ഇന്ത്യയുടെ ഭാഗമല്ലേ? ചൊവ്വാഴ്ച രാജ്യസഭയില്‍ നടന്നത് അന്ത്യന്തം ലജ്ജാവഹമായ കാര്യമാണ് . വയനാട് വിഷയം സഭയില്‍ ഉന്നയിച്ച കേരളത്തില്‍നിന്നുള്ള എം.പിമാരോട് നിഷേധാത്കമായാണ് അധ്യക്ഷന്‍ ജഗദീപ് ധന്‍ഖര്‍ പെരുമാറിയത്. കരളുരുകുന്നവേദനയില്‍, അംഗങ്ങള്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍, ധന്‍ഖര്‍ അതീവ ലാഘവത്തോടെ ചിരിച്ചു തള്ളുകയായിരുന്നു. കേരളത്തിലെ ഒരു പൗരന്റെ ജീവന് രണ്ടുലക്ഷമാണ് മോദി സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത്. ഈ ദുരന്ത ഘട്ടത്തിലും കേരളത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ തങ്ങളുടെ യജമാനന്മാര്‍ തയാറാവുന്നില്ലെങ്കില്‍ മലയാളികളായ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ച് നാടിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നോട്ടുവരുകയാണ് വേണ്ടത്.
ഹൃദയഭേദകവും ഭീകരവുമാണ് വയനാട്ടിലെ കാഴ്ച. മഴ പകര്‍ന്ന കുളിരില്‍ സ്വസ്ഥമായി കിടന്നുറങ്ങിയ ഒരു കൂട്ടം മനുഷ്യര്‍ പാതിരാവിന്റെ ഇരുളില്‍ മരണക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ട അനുഭവമോര്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് തിങ്കളാഴ്ച സംഘടിപ്പിച്ച പൊളിറ്റിക്കല്‍ വര്‍ക് ഷോപ്പില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
വയനാട് ദുരന്തം: കേന്ദ്രസര്‍ക്കാര്‍ നിലപാട്
തിരുത്തണം;പ്രൊഫ. മുഹമ്മദ് സുലൈമാന്‍