മലപ്പുറം: മേപ്പാടിയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹഭാഗങ്ങള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്നത് മലപ്പുറം നിലമ്പൂര്‍ മേഖലയിലേയ്ക്ക്.നിലമ്പരൂരിലെ പോത്തുകല്ല് ഭാഗത്തുനിന്ന് നിരവധി പേരുടെ മൃതദേഹങ്ങഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പലതും ശരീര ഭാഗങ്ങള്‍ മാത്രം.സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയവര്‍ പ്രാണന്‍ പോയി ഒലിച്ചെത്തിയത് സമീപ ജില്ലയിലാണ്.ഇനിയും എത്ര പോരുടെ മൃതദേഹങ്ങള്‍ വരുമെന്ന് നിശ്ചയമില്ല. ആശങ്കയുടെ ഇരുട്ടാണ് ഈ പകലിലത്രയും. സമാനതകളില്ലാത്ത ദുരന്തത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. കേരളം ഇന്നോളം കാണാത്തൊരു മഹാദുരന്തമാണ് തോരാമഴ സമ്മാനിച്ചത്.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്‌പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നതി തുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികള്‍ക്കാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്.പുലര്‍ച്ചെ മരത്തടികളും പാറകളും ഒലിച്ചു വരുന്നത് കണ്ടതോടെ ഇവര്‍ നാട്ടുകാരെ വിവരം അറിയുക്കയായിരുന്നു.പുഴയിലും പുഴയോട് ചേര്‍ന്നുള്ള വനത്തിലും അഗ്‌നിരക്ഷാസേനയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഏറെ പണിപ്പെട്ടാണ് ചിലരെയെങ്കിലും കണ്ടെടുത്തത്. വീടുകളില്‍ ഉറങ്ങിക്കിടന്ന ബാക്കി ചിലര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. മറ്റു ചിലര്‍ ഒഴുകി അയല്‍ജില്ലയില്‍ വരെയെത്തി. ചിലരുടെ ജഡം ഉരുള്‍ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും കുടുങ്ങി കിടന്നു.
ദുരന്തം പിന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും ഇനിയും ഒരുപാടു പേര്‍ മണ്ണിനടിയില്‍ കിടക്കുന്നുണ്ട്. ഇവരിലേക്കെത്താനാവാതെ നിസ്സഹായരായി നില്‍ക്കുകയാണ് നാടും ഇവിടുത്തെ സംവിധാനങ്ങളും. വയനാട്ടിലേയ്ക്കുള്ള പ്രധാന മാര്‍ഗമായ താമരശ്ശേരി ചുരം മണ്ണിടിഞ്ഞ് വഴിമുടങ്ങിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 200 ഓളം സൈനികരാണ് സംഘത്തിലുള്ളത്. ഇതില്‍ ആദ്യ സംഘം ചൂരല്‍മലയിലെത്തിയിട്ടുണ്ട്.
സമയം മുന്നോട്ട് പോകും തോറും ആശങ്ക വര്‍ധിക്കുകയാണ്. പകല്‍വെളിച്ചം നിലക്കുന്നതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലാകും. ഗുരുതരമായി പരിക്കേറ്റവരടക്കം ഒറ്റപ്പെട്ട അവസ്ഥയിലാണ്. വരും മണിക്കൂറുകളില്‍ കാലവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിങിനും മേഖലയുമായി ബന്ധപ്പെടുന്നതിന് ബദല്‍ സംവിധാനങ്ങളും ഒരുക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.
രണ്ടു ദിവസമായി തോരാമഴയായിരുന്നു വയനാട്ടില്‍. ഒപ്പം മരംകോച്ചുന്ന തണുപ്പും. തിങ്കളാഴ്ച രാത്രിയും തോരാമഴയായിരുന്നു മുണ്ടക്കൈയിലും ചൂരല്‍മലയിലുമെല്ലാം. ഇത് ഇത്ര വലിയ നാശത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് ആരും കരുതിയിരിക്കില്ല. ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം. ഉരുള്‍ സകലതും കവര്‍ന്നു. അത് എത്രപേരുടെ പ്രാണനാണ് കവര്‍ന്നതെന്ന് ഇപ്പോഴും നിശ്ചയമില്ല. പ്രാണന്‍ ബാക്കിയായവര്‍ ഇനിയും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.
മേപ്പാടിയില്‍ ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ
മൃതദേഹങ്ങള്‍ ഒഴുകുന്നത് ചാലിയാറിലൂടെ