മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി; മുഖ്യമന്ത്രി

മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി; മുഖ്യമന്ത്രി

വയനാട്: മേപ്പാടിയിലെ ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പ്രദേശങ്ങള്‍ മുഴുവന്‍ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണ്.സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുണ്ട്. നൂറു കണക്കിന് ആളുകള്‍ മുണ്ടക്കൈയില്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

ദുരന്തത്തില്‍ മരണം 104 ആയി

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 കടന്നതായി റിപ്പോര്‍ട്ട്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത.ദുരന്തസ്ഥലത്ത് ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ട്. ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.അവിടെ പാലം ഉരുളില്‍ ഒലിച്ചുപോയതാണ് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങായത്. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്. വെളിച്ചമകലുന്നതോടെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്.

 

 

 

 

മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ
ദു:ഖം രേഖപ്പെടുത്തി; മുഖ്യമന്ത്രി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *