മേപ്പാടി: വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു തരിപ്പണമായി വയനാട് മേപ്പാടിയിലെ ചൂരല്‍മലയും മുണ്ടക്കൈയും. വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതില്‍ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും വലിയ പാറക്കല്ലുകളും ചെളിയും മാലിന്യങ്ങളും മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ കാണുന്ന ദൃശ്യം.
തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് വയനാട്ടിലെ മുണ്ടക്കൈ മേഖല. ഏറെ നാശനഷ്ടമുണ്ടായ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാന്‍ പറ്റാത്ത വിധം തകര്‍ന്നടിഞ്ഞു.മുണ്ടക്കൈയിലേക്കുള്ള പാലം പൂര്‍ണമായി തകര്‍ന്നതാണ് പ്രധാന വെല്ലുവിളിയായത്.
നിരവധി പേര്‍ മുണ്ടക്കൈയില്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ഒന്‍പത് ലയങ്ങളും എസ്റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളും ഒലിച്ചുപോയെന്നാണ് വിവരം. 65ഓളം കുടുംബങ്ങളാണ് ഇവിടങ്ങളില്‍ താമസിച്ചിരുന്നത്. നിരവധി എസ്‌റ്റേറ്റ് തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമായ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ റോപ്പ്‌വെയിലൂടെയും എയര്‍ ലിഫ്റ്റിംഗിലൂടെയും മാത്രമേ സാധ്യമാകൂ.
ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് കഴിഞ്ഞ രാത്രി സമ്മാനിച്ചത് ഭീകരതനിറഞ്ഞ നിമിഷങ്ങളായിരുന്നു.ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും കിടപ്പാടം നഷ്ടപ്പെട്ടവരുടെയും തീരാകണ്ണീരെങ്ങനെ ഒപ്പും.