കോഴിക്കോട്: ചേകന്നൂര്‍ മൗലവി അനുസ്മരണവും മതഭീകരതാ വിരുദ്ധ ദിനാചരണവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29ന് തിങ്കളാഴ്ച 2.30ന് മതഭീകരതാ വിരുദ്ധ ദിനാചരണം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സി.എച്ച്.മുസ്തഫ മൗലവി, ഡോ.ജലീല്‍ പുറ്റെക്കാട്, ജാഫര്‍ അത്തോളി, എ.പി.അഹമ്മദ്, എം.എസ്.റഷീദ്, സി.എം.എ.സലാം, അബ്ദുല്‍ അലി കാപ്പാട്, സുലൈമാന്‍ പെരിങ്ങത്തൂര്‍, വി.പി.സുഹറ തുടങ്ങിയവര്‍ സംസാരിക്കും. മതാചരണങ്ങളല്ല മനുഷ്യത്വമാണ് (മാനവികതയാണ്) ദൈവത്തിന്റെ മതം എന്ന ഖുര്‍ആന്‍ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഏര്‍പ്പെടുത്തിയ ചേകന്നൂര്‍ മൗലവി ആന്റ് ഡോ.ഖമര്‍സമാന്‍ മെമ്മോറിയല്‍ മുത്തഖി അവാര്‍ഡ് ടി.പി.ചന്ദ്രശേഖരന് മരണാന്തര ബഹുമതിയായി നല്‍കും. കെ.കെ.രമ എം.എല്‍.എ അവാര്‍ഡ് ഏറ്റുവാങ്ങും.
മതനിരപക്ഷ രാഷ്ട്രീയ കക്ഷികള്‍ മതഭീകരര്‍ക്ക് വിടുവേല ചെയ്യുന്ന വളരെ ഖേദകരമായ ഒരു അവസ്ഥയാണ് കേരളത്തിലുള്ളത്. മഅദനിക്കുവേണ്ടി രാഷ്ട്രീയ ഭേദമില്ലാതെ രംഗത്തുവന്നവര്‍ ചേകനൂര്‍ മൗലവിയെ വകവരുത്തിയ ഭീകരവാദികള്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്ന് മാത്രമല്ല കുറ്റാരോപിതനായി ജനങ്ങള്‍ കരുതുന്നവരെ തേളിലേറ്റി ലാളിക്കുന്ന ദുരസ്ഥയാണുള്ളത്. മാനവികത ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ മതമൗലിക വാദത്തിന് കുടപിടിക്കുകയാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡണ്ട് ഡോ.ജലീല്‍ പുറ്റെക്കാട് പറഞ്ഞു.
സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെ അപമാനിക്കുന്നവര്‍ മതമേലധ്യക്ഷന്‍മാരെ മഹാന്മാരായി വാഴ്ത്തുന്നു. പണവും, സമ്പത്തും ആള്‍ ബലവുമാണ് മാനവികതയേക്കാള്‍ വലുതെന്ന് കരുതുന്നവര്‍ സമൂഹത്തെ പിന്തിരിപ്പിന്‍ നിലപാടുകളിലേക്ക് നയിക്കുന്നു. ഇതെല്ലാം അല്‍പമെങ്കിലും തുറന്നുപറയണമെന്ന് പ്രതീക്ഷിച്ചിരുന്ന, തങ്ങള്‍ പൗരോഹിത്യത്തിനും അന്ധകാരത്തിനും എതിരാണെന്നു പറഞ്ഞിരുന്ന സമുദായത്തിലെ മുജാഹിദുകളും മറ്റും മതഭീകരവാദികളോട് കൈകോര്‍ക്കുന്ന മത്സരത്തിലാണ്.
നിലവിലെ ഖുര്‍ആന്‍ പരിഭാഷകളില്‍ ഒരു ബഹുമത സമൂഹത്തിന് നിരക്കാത്ത അനേകം വ്യാഖാനങ്ങളുണ്ട്. ഖുര്‍ആനെ ആശയപരമായി വ്യാഖ്യാനിച്ചു മനസ്സിലാക്കേണ്ട അനിവാര്യതയാണ് കെ.എസ്.എസ് മുന്നോട്ടുവെക്കുന്നത്.