ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്ന മികച്ച ഉദാഹരണമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്നും ഹൈബി ഈഡന്‍ എംപി. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും കര്‍ഷക,യുവ, ദളിത്, വനിത, ആദിവാസി വിരുദ്ധ ബജറ്റാണ് നിര്‍മല സീതാരാമന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന് യാതൊരു പരിഗണനയും ബജറ്റില്‍ നല്‍കിയില്ല. എയിംസ് കേരളത്തിന്റെ ആവശ്യമായിരുന്നു. 2 കേന്ദ്രമന്ത്രിമാരുണ്ടെങ്കിലും എയിംസിനെ പറ്റി ഒന്നും പറഞ്ഞില്ല. 293 സീറ്റുകളോടെയാണു ബിജെപി അധികാരത്തിലെത്തിയത്. 2018ല്‍ ഏറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഈ ബജറ്റില്‍ പ്രളയം തകര്‍ത്ത പല സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയെങ്കിലും കേരളത്തിന് യാതൊരു സഹായവും ലഭിച്ചില്ല.
അധികാരത്തിലെത്തിയ സമയത്ത് ബിജെപി ഐസിയുവിലായിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഐസിയുവിലല്ല, 2 വെന്റിലേറ്ററുടെ സഹായത്തോടെയാണു ബിജെപി ഭരിക്കുന്നതെന്നു മനസ്സിലായി. ആരോഗ്യമേഖലയിലെ ഉന്നമനത്തിനും ഒന്നും നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ട സംസ്ഥാനത്തെ സഹായിക്കാന്‍ പോലും തയാറായില്ല.
തീരവാസികളോടും മത്സ്യത്തൊഴിലാളികളോടും വഞ്ചാനാപരമായ നിലപാടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത് . തീരമേഖലാ നിയന്ത്രണം സംബന്ധിച്ചു കേരളത്തിനു ബാധകമായ തീര മാനേജ്‌മെന്റ് പ്ലാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം 2019 നെ നിയമത്തില്‍ വരുത്തിയ ആനുകൂല്യങ്ങള്‍ ഇപ്പോഴും കേരള തീരത്തുള്ളവര്‍ക്കു ലഭിക്കുന്നില്ലെന്നു ഹൈബി ആരോപിച്ചു. 5 വര്‍ഷമെടുത്താണു സംസ്ഥാന സര്‍ക്കാര്‍ തീര മാനേജ്‌മെന്റ് പ്ലാന്‍ പൂര്‍ത്തിയാക്കിയത്. 2019 ലെ വിജ്ഞാപന പ്രകാരം ഓരോ ദ്വീപിനും ദ്വീപ് മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കണമെന്നു നിര്‍ദേശമുണ്ടെങ്കിലും അതുണ്ടായിട്ടില്ല’ഹൈബി ഈഡന്‍ ലോക്‌സഭയില്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ പരാജയങ്ങളെയും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. മണിപ്പുര്‍ കലാപം, ജമ്മുകശ്മീര്‍ ഭീകരാക്രമണങ്ങള്‍ തുടങ്ങിയ രാജ്യത്തെ പ്രശ്‌നങ്ങളും പരാമര്‍ശിച്ച ഹൈബി ഈഡന്‍ പാക്കിസ്ഥാനില്‍ നവാസ് ഷെരീഫിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ മോദിക്ക് ഇതുവരെയും മണിപ്പുരില്‍ പോകാന്‍ സാധിച്ചില്ലെന്നും വിമര്‍ശിച്ചു.
ഫെഡറലിസം നശിപ്പിക്കുന്ന ബജറ്റ്: ഹൈബി ഈഡന്‍.എം.പി