എഡിറ്റോറിയല്‍
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണ്. കേരളം ദീര്‍ഘ നാളായി ആവശ്യപ്പെട്ട്‌കൊണ്ടിരിക്കുന്ന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല പ്രതീക്ഷക്ക് പോലും വകയില്ലെന്നതാണ് പരമാര്‍ത്ഥം. മോദി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ബീഹാറിനും, ആന്ധ്രക്കും വാരിക്കോരി നല്‍കിയിട്ടുണ്ട്. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന അവഗണനക്കെതിരെ കേരളം സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കാന്‍ വേണ്ടി സമരം വരെ സംഘടിപ്പിക്കുകയുണ്ടായി. എന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ ഈ ബജറ്റില്‍ പരിഗണിച്ചില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ മുഴുവന്‍ എംപിമാരും, മുഖ്യ മന്ത്രിയും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. കേരളത്തില്‍ നിന്ന് ബിജെപി പ്രിതിനിധികളായി സുരേഷ് ഗോപിയും, ജോര്‍ജ്ജ് കുര്യനും കേന്ദ്ര മന്ത്രി സഭയിലുണ്ടായിട്ടും കേരളത്തിന് ഒന്നും സലഭിച്ചില്ലെന്നത് വളരെ ദു:ഖകരമാണ്.
സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് നിരവധി നിര്‍ദ്ദേശങ്ങള്‍ എംപിമാര്‍ സമര്‍പ്പിച്ചെങ്കിലും അത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനത്തിനും ബജറ്റില്‍ ഒന്നും വകയിരുത്തിയിട്ടില്ല. കോഴിക്കോട്ട് ചാലിയത്ത് പ്രഖ്യാപിച്ച നിര്‍ദേശിന്റെ വിഷയത്തിലും ഒന്നുമുണ്ടായില്ല. 2011 ജനുവരിയില്‍ തറക്കല്ലിട്ട പദ്ധതി 2013ല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 40.58 ഏക്കര്‍ ഭൂമിയും വിട്ടു നല്‍കിയിരുന്നു. 2016ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും നടന്നിട്ടില്ല. പദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മിണ്ടുന്നില്ല. കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ എന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല. എയിംസിനായുള്ള കാത്തിരിപ്പ് പതിറ്റാണ്ട് കടന്നിരിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് ലഭിച്ചപ്പോള്‍ കേരളം തഴയപ്പെടുകായിരുന്നു. എയിംസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ കൈവശമുള്ള 150 ഏക്കര്‍ ഭൂമി കണ്ടെത്തുകയും, തദ്ദേശ വാസികളില്‍ നിന്ന് 40 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. എയിംസിനായി വലിയ സമ്മര്‍ദ്ദം കേരളം, കേന്ദ്രത്തിന്റെ മുകളില്‍ ചെലുത്തിയിട്ടും കേന്ദ്രം കനിയാത്തത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണ്്. സംസ്ഥാനത്തെ വരുമാനത്തിന്റെ പ്രധാന മേഖലയായ കാര്‍ഷിക മേഖലയിലും ഒരു പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. റബ്ബര്‍, കുരുമുക്, നാളികേരം മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് ഒന്നും തന്നെ ബജറ്റിലില്ല. ബീഹാറിനോടും ആന്ധ്രയോടും കാണിച്ച മമത മറ്റ് സംസ്ഥാനങ്ങളോട് കാണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി നല്ല സന്ദേശമല്ല പകരുന്നത്. തങ്ങളെ പിന്തുണക്കുന്നവരോട് മമതയും മറ്റ് സംസ്ഥാനങ്ങളോട് നിഷേധവും എന്നത് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധനക്ക് വിധേയമാക്കണം.
രാജ്യത്തേക്ക് ലക്ഷക്കണക്കിന് കോടി രൂപ അയക്കുന്ന പ്രവാസി സമൂഹത്തിന് വേണ്ടിയും ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല. ബജറ്റ് പൊതുവെ ചില പ്രഖ്യാപനങ്ങളിലൊതുങ്ങിയതും, സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതുമാണ്. മൂന്നരക്കോടി ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.