പി.ടി.നിസാര്‍
കോഴിക്കോട്: ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രൊഫസര്‍ അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ പങ്കെടുക്കുന്നതും എല്‍ഡിഎഫ് പരിപാടികളില്‍ അവരെ സഹകരിപ്പിക്കുന്നതും അനുചിതമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. പ്രത്യേകിച്ച് സിപിഎം നേതാക്കള്‍ ഇത് പുന:പരിശോധിക്കണം. നീണ്ട മുപ്പത് വര്‍ഷക്കാലം എല്‍ഡിഎഫ് മുന്നണി സംവിധാനത്തിന് പുറത്ത് നിന്നിട്ട് പോലും എല്‍ഡിഎഫിന്റെ നേതൃത്വവുമായും സിപിഎം കേന്ദ്ര നേതൃത്വവുമായും സഹകരിച്ച് മുന്നോട്ട് പോയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹീം സുലൈമാന്‍ സേട്ട് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ എല്ലാ വിധ ആശിര്‍വാദങ്ങളോടും കൂടി ഇന്ത്യയിലെ മര്‍ദ്ദിത മത ന്യൂനപക്ഷ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോരാട്ടം നടത്തിയത്. നാളിതുവരെ സിപിഎം കേന്ദ്ര നേതൃത്വം എല്ലാ വിധ പിന്തുണയും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ രൂപീകൃതമായ പ്രസ്ഥാനമെന്ന നിലക്കും, വൈകിയാണെങ്കിലും എല്‍ഡിഎഫിലെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിക്ക് കേവലം ഒരു എം.എല്‍എ മാത്രമായിട്ടും കഴിഞ്ഞ രണ്ടര വര്‍ഷക്കാലം അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയതിലും, കേരളത്തിലെ സിപിഎം നേതൃത്വത്തിനോടും, മുഖ്യമന്ത്രി പിണറായി വിജയനോടും ഐഎന്‍എല്‍ സംസ്ഥാന നേതൃത്വത്തിന് നന്ദിയും കടപ്പാടുമുണ്ട്. മുന്നണി സംവിധാനത്തിന്റെ ഭാഗമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു ഘടക കക്ഷിയില്‍ നിന്ന് സംഘടനാ നടപടിക്ക് വിധേയരായ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടി എല്‍ഡിഎഫ് നേതൃത്വം പുന:പരിശോധിക്കണം. ഒരു ഘടക കക്ഷിയെന്ന നിലക്ക് ഐഎന്‍എല്ലിന് തരാമെന്നേറ്റ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍ പദവികള്‍ പാര്‍ട്ടിക്ക് അനുവദിച്ച് തരുന്ന കാര്യം എല്‍ഡിഎഫ് നേതൃത്വം ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കണം. വരാനിരിക്കുന്ന ലോക്കല്‍ ബോഡി ഇലക്ഷനെ നേരിടാന്‍ പാര്‍ട്ടി താഴേതട്ടില്‍ മുന്നൊരുക്കം നടത്തിക്കൊണ്ടിരിക്കുയാണ്. ഈ അവസരത്തില്‍ ബോര്‍ഡ് ചെയര്‍മാനുള്‍പ്പെടെയുള്ള പദവികള്‍ പാര്‍ട്ടിക്ക് ലഭിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചക്കും, ജന പിന്തുണ വര്‍ദ്ധിക്കാനും സഹായകരമാകും.
ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത, ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടിയാണ്. പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ അഖിലേന്ത്യാ പ്രസിഡണ്ടും മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ജന.സെക്രട്ടറിയുമായ സെന്‍ട്രല്‍ കമ്മറ്റി നിലവിലുണ്ട്. കേരള ഘടകത്തിലെ ഏതാനും ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ചിലരാണ് നാഷണല്‍ ലീഗ് എന്ന പേരില്‍ പ്രൊഫ.അബ്ദുല്‍ വഹാബും മറ്റും ഒരു കൂട്ടായ്മയുണ്ടാക്കിയിരിക്കുന്നത്. നടപടി നേരിട്ടവരെ സഹകരിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് സമദ് നരിപ്പറ്റ കൂട്ടിച്ചേര്‍ത്തു.