5,000 രൂപ അലവന്‍സോടെ രാജ്യത്തെ 500 കമ്പനികളിലായി ഇന്റേണ്‍ഷിപ്പ്
ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യം. ആദ്യമായി ജോലിയില്‍ കയറുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്നതാണ് ഇതില്‍ സുപ്രധാന പ്രഖ്യാപനം. ഇതോടൊപ്പം തൊഴിലുടമകള്‍ക്കു ഗുണം ലഭിക്കുന്ന പദ്ധതികളുമുണ്ട്.എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍(ഇ.പിഎഫ്.ഒ) രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ആദ്യ മാസ ശമ്പളം ലഭിക്കുക. മൂന്ന് ഗഡുക്കളായി 15,000 രൂപ വരെ അക്കൗണ്ടിലെത്തും. ഒരു ലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് ഈ പദ്ധതി. തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടിലേക്കായിരിക്കും സര്‍ക്കാര്‍ വിഹിതം എത്തുക. എല്ലാ മേഖലകളിലുള്ളവര്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. യുവ പ്രൊഫഷനലുകള്‍ക്കുള്ള പ്രോത്സാഹനമായിട്ടാണ് പദ്ധതിയുടെ പ്രഖ്യാപനം.
കൂടാതെ പുതിയ തൊഴിലവസരം സൃഷ്ടിച്ചു പുതിയ തൊഴിലാളികളെ നിയമിച്ചാല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് ലഭിക്കും. ഈ തൊഴിലാളികളുടെ ആദ്യ നാലു വര്‍ഷത്തെ ഇ.പി.എഫ്.ഒ വിഹിതത്തിലേക്കായിരിക്കും സര്‍ക്കാര്‍ വിഹിതം എത്തുക.പുതിയ ജീവനക്കാരെ നിയമിച്ചാല്‍ അവരുടെ പ്രോവിഡന്റ് ഫണ്ടില്‍ ഉടമ നല്‍കുന്ന വിഹിതം രണ്ടു വര്‍ഷം സര്‍ക്കാര്‍ നല്‍കും. 3,000 രൂപ വരെയാണ് അനുവദിക്കുക.
യുവ പ്രൊഫഷനലുകള്‍ക്കായി പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്തെ 500 കമ്പനികളിലായിരിക്കും ഇന്റേണ്‍ഷിപ്പ് അവസരം. പ്രതിമാസം 5,000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സും 6,000 രൂപ ആദ്യഘട്ട സഹായവും ലഭിക്കും. ഒരു കോടി യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൊഴില്‍രംഗത്ത് സ്ത്രീസാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളും മന്ത്രി പ്രഖ്യാപിച്ചു. വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങള്‍ക്കായി 1.48 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.
പുതിയ ബജറ്റില്‍ തൊഴിലാളികള്‍ക്കും
ഉടമകള്‍ക്കും സാമ്പത്തിക സഹായം