പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്‍മാറി

പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്‍മാറി

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ പിന്‍മാറി. പ്രായാധിക്യവും രോഗവും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനങ്ങളും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിന്‍മാറാന്‍ ബൈഡന്‍ നിര്‍ബന്ധിതനായി.ബൈഡനും ട്രംപും തമ്മില്‍ ജൂണ്‍ 29-ന് അറ്റ്ലാന്റയില്‍ വെച്ചുനടന്ന സംവാദത്തിലും ബൈഡന് പിടിച്ചു നില്‍ക്കാനായില്ല. വാദപ്രതിവാദങ്ങളുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തെ ചൂടുപിടിപ്പിക്കുന്ന സംവാദവേദി ഒരര്‍ഥത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അതിനിര്‍ണായകമാണ്. പക്ഷേ, ആ പോരാട്ടത്തില്‍ ദയനീയമായിരുന്നു ബൈഡന്റെ പ്രകടനം. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപ് നിറഞ്ഞുനിന്നു. ബൈഡനാകട്ടെ കൃത്യമായ മറുപടികളില്ലാതെ ഉഴറി. ബൈഡന് വിശ്രമിക്കാനുള്ള സമയമായെന്ന് പറഞ്ഞ് ട്രംപ് ആഞ്ഞടിച്ചതോടുകൂടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുവരെ എതിര്‍പ്പുയര്‍ന്നു.

നാറ്റോ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തിലെ നാക്കുപിഴയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് പുതിനെന്ന് വിളിച്ചതുമെല്ലാം ബൈഡനെ കൂടുതല്‍ പരുങ്ങലിലാക്കി. പിന്നാലെ കോവിഡ് ബാധിതനായതും അദ്ദേഹത്തെ അലട്ടി.മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും സ്പീക്കര്‍ നാന്‍സി പെലോസിയും ബൈഡന്റെ വിജയത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിജയത്തിലേക്കുള്ള ബൈഡന്റെ പാത അന്ത്യന്തം ചുരുങ്ങിപ്പോയെന്നാണ് താന്‍ കരുതുന്നതെന്ന് ഒബാമ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ മത്സരരംഗത്തുനിന്ന് പിന്മാറാത്ത പക്ഷം പാര്‍ട്ടി പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തോട് നാന്‍സി പെലോസി ഫോണിലൂടെ സംസാരിച്ചു. പിന്നാലെയാണ് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നുള്ള പിന്‍മാറ്റം. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ പിന്‍മാറിയത്.

സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡന്‍ നിര്‍ദേശിച്ചു. കമലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോല്‍പ്പിക്കണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്.

 

 

പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നിന്ന്
ബൈഡന്‍ പിന്‍മാറി

 

Share

Leave a Reply

Your email address will not be published. Required fields are marked *