ന്യൂഡല്‍ഹി: കാവഡ് യാത്രയുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാന്‍. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഒന്നിനെയും പിന്തുണയ്ക്കുന്നില്ലെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ദലിതര്‍, പിന്നാക്കക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍, മുസ്‌ലിംകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. എല്ലാവരും അവിടെയുണ്ട്. അവര്‍ക്ക് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്’. അദ്ദേഹം വാര്‍ത്താ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി..
കാവഡ് യാത്ര കടന്നുപോകുന്ന വഴിയിലുള്ള കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാനുള്ള യുപി സര്‍ക്കാരിന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ആര്‍എല്‍ഡിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്‍.ജി.പിയും യോഗി സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. ഈ നടപടി വിവേചനപരവും മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നുമുള്ള വിമര്‍ശം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു.
യുപിയിലേതിനേക്കാള്‍ വലിയ കാവഡ് യാത്ര ബിഹാറില്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അങ്ങനെയൊരു ഉത്തരവൊന്നും അവിടെ പ്രാബല്യത്തില്‍ വന്നില്ലെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു.വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവും ആവശ്യപ്പെട്ടു.