എഡിറ്റോറിയല്‍
ശിവ ഭക്തന്‍ ശ്രാവണ മാസത്തില്‍ നടത്തുന്ന കാവടി യാത്രയെ വിവാദത്തിലേക്ക് നയിക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്. വ്രതാനുഷ്ഠാനങ്ങളോടെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ ഗംഗാ ജലം കൊണ്ട്‌പോയി അവരുടെ നാട്ടിലെ ശിവക്ഷേത്രത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചടങ്ങ്. ഒരു മാസത്തോളമാണ് യാത്ര തുടരുന്നത്. ഈ യാത്ര കടന്നു പോകുന്നയിടങ്ങളിലെ ഭക്ഷണ ശാലകളില്‍ കടയുടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവാണ് മുസാഫര്‍ നഗര്‍ പോലീസ് ഇറക്കിയത്. വലിയ രൂപത്തിലുള്ള എതിര്‍പ്പുകള്‍ വന്നതോടെ പോലീസ് ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തീര്‍ത്ഥാടന യാത്രകള്‍ എല്ലാ വിഭാഗം ജനങ്ങളും നടത്താറുണ്ട്. തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കറിയാം അവര്‍ പാലിക്കേണ്ട ആചാരനുഷ്ഠാനങ്ങളെക്കുറിച്ച്. നമ്മുടെ രാജ്യത്ത് ഇതെല്ലാം നടന്നു വരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ എന്തും വിവാദമാകുന്ന കാലമാണ്. മനുഷ്യരെ, മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം ഭിന്നിപ്പിക്കുന്ന ഒന്നല്ല ഏത് മതങ്ങളുടെയും ആചാരനുഷ്ഠാനങ്ങള്‍. എന്നാല്‍ അതിലെല്ലാം ഭിന്നിപ്പിന്റെ രീതിയാണ് ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നതെന്നത് ഖേദകരമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ തീരുമാനത്തിന്റെ ഭാഗമായാണ് ആചാരനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുന്നത്. കേരളത്തില്‍ ഇത്തരം യാത്രകള്‍ നടത്തുന്നവരെ, വിവിധ മതസ്ഥര്‍ അവരുടെ ആരാധനാലയത്തിലടക്കം സ്വീകരണം നല്‍കുന്നതും മനോഹരമായ കാഴ്ചയാണ്. മതപരമായ വിഷയങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നിരിക്കെ അതിനെ രാഷ്ട്രീയ വല്‍ക്കരിക്കുകയും, വോട്ട് ബാങ്കാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ അപകടകരമാണ്. ഭാരത്തിലെ ജനങ്ങളെല്ലാം ഏകോദര സഹോദരന്മാരാണെന്നാണ് നമ്മുടെ ഭരണഘടന നമ്മെ പഠിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാന ശിലയില്‍ നിന്നാണ് ഭാരതം തലയുയര്‍ത്തി നില്‍ക്കുന്നത്. ഹിന്ദുവും , മുസല്‍മാനും, ക്രിസ്ത്യാനിയും മറ്റു വിഭാഗങ്ങളും തോളോട് തോള്‍ ചോര്‍ന്നാണ് ഈ രാജ്യത്ത് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അവരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് ഭൂഷണമല്ല. രാജ്യത്തിന്റെ പുരോഗതി ജനങ്ങളുടെ ഐക്യമാണ്. രാജ്യം വികസിച്ചാലേ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിത സാഹചര്യം ലഭ്യമാവൂ. എല്ലാ ആരാധനാലയങ്ങളും, മതങ്ങളും, മതമില്ലാത്തവരും സംഭാവനകളര്‍പ്പിച്ച പൈതൃകമാണ് ഭാരതത്തിന്റേത്. എല്ലാവിധ കാര്യങ്ങളെയും മാറോട് ചേര്‍ത്ത മണ്ണാണ് ഭാരത്തിന്റേത്. അതുകൊണ്ട്തന്നെ ഭാരതം ലോകത്തിന് തന്നെ വിസ്മയമാണ്. കന്‍വര്‍ തീര്‍ത്ഥ യാത്ര നടത്തുന്നവര്‍ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്. വിശ്വാസപരമായ ഇത്തരം പുണ്യ കര്‍മ്മങ്ങളില്‍ വേര്‍തിരിപ്പുകളുണ്ടാകുന്നത് നമ്മുടെ ഐക്യത്തിനും സ്‌നേഹബന്ധങ്ങള്‍ക്കും കോട്ടം തട്ടിക്കും.