ഛണ്ഡീഗഢ്: സംസ്ഥാന യൂണിവേഴ്സ്റ്റികളുടെ ചാന്‍സലര്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അഭിപ്രായപ്പെട്ടു. പഞ്ചാബ് സര്‍വകലാശാല നിയമഭേദഗതി ബില്‍ രാഷ്ട്രപതി തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിയെ നിയമിക്കാന്‍ ലക്ഷ്യംവച്ചായിരുന്നു പഞ്ചാബ് സര്‍വകലാശാല നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. എന്നാല്‍, രാഷ്ട്രപതി ബില്‍ തിരിച്ചയച്ചയക്കുകയായിരുന്നു. ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്ക് ആവണമെന്നാവശ്യപ്പെടുന്ന ബില്ലുകള്‍ കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യംവഴി തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍. അല്ലാതെ, മറ്റ് രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിഷയത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കമെന്നും മന്‍ വ്യക്തമാക്കി.