ഹൃദയങ്ങളുടെ കാവല്‍ക്കാരന് അന്ത്യാജ്ഞലി

ഹൃദയങ്ങളുടെ കാവല്‍ക്കാരന് അന്ത്യാജ്ഞലി

എഡിറ്റോറിയല്‍

 

മനുഷ്യ ഹൃദയങ്ങള്‍ക്ക് സംരക്ഷണത്തിന്റെ കുടപിടിച്ച മഹാരഥനായ ഭിഷഗ്വരനായ ഡോ.എം.എസ് വല്ല്യത്താന്‍ വിടപറഞ്ഞിരിക്കുന്നു. ഒരു പുരുഷായുസ്സുകൊണ്ട് നേടാനാവുന്ന അനുഗ്രഹീത നേട്ടം ആര്‍ജ്ജിക്കുകയും അതെല്ലാം മാനവകുലത്തിനായി സമര്‍പ്പിക്കുകയും ചെയ്താണ് ആ മനീഷിയുടെ മടക്കയാത്ര. കേരളത്തിന്റെ ആരോഗ്യ രംഗത്തെ ആഗോള നിലവാരത്തിലേക്കുയര്‍ത്തിയ നാമമാണ് വല്ല്യത്താന്റേത്. വിദേശ രാജ്യത്ത് വലിയ അവസരങ്ങള്‍ ലഭിക്കുമായിരുന്നിട്ടും അവിടെ നിന്നടക്കം നേടിയ അറിവുകളുമായി ജനിച്ച മണ്ണില്‍ വന്ന് നാട്ടുകാരെ സേവിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്. മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ ശക്തമായ പിന്തുണയോടെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും, ആ സ്ഥാപനത്തെ ലോകത്തെ മികച്ച ആതുരാലയവും ഗവേഷണ കേന്ദ്രവുമായി വളര്‍ത്തിയെടുക്കുകയും ചെയ്തത്. കേരളത്തിലെ ആദ്യത്തെ ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്ക്രിയ നടത്തിയതും അദ്ദേഹമാണ്. ശ്രീ ചിത്രയില്‍ കുറഞ്ഞ ചിലവില്‍ ഹൃദയ വാല്‍വുകളും ബ്ലഡ് ബാഗുകളും നിര്‍മ്മിച്ചു. വിദേശ കമ്പനികള്‍ക്ക് മാത്രം സാധ്യമായിരുന്ന ഇക്കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനായത് ഡോ. വല്ല്യത്താന്റെ വിട്ടുവീഴ്ചകളില്ലാത്ത ഉറച്ച നിലപാടുകള്‍ കാരണമായിരുന്നു. പഠന ഗവേഷണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുകയും, ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ തന്നെ മറ്റ് വിഷയങ്ങളില്‍ അഗാധമായ അറിവ് നേടാനും പരന്ന വായനക്കും അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹം ചികിത്സിച്ച രോഗികളെ അദ്ദേഹം ചേര്‍ത്ത് പിടിച്ചു. അവരില്‍ പലര്‍ക്കും ദശാബ്ദങ്ങളുടെ ബന്ധം അദ്ദേഹവുമായി നിലനിര്‍ത്താനായി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന പല്ലവികള്‍ മാറ്റിക്കുറിക്കുന്ന ഒന്നാണ് ശ്രീ ചിത്ര രാജ്യാന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി വളര്‍ത്തിയെടുത്തതിലൂടെ അദ്ദേഹം കാണിച്ചു കൊടുത്തത്. അലോപ്പതിയോടൊപ്പം, ആയൂര്‍വ്വേദത്തിന്റെ ഉള്ളറകളിലേക്കും അദ്ദേഹം യാത്ര ചെയ്തു. ആയുര്‍വ്വേദത്തില്‍ മഹത്തായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ആയുര്‍വ്വേദത്തെ ആഴത്തിലറിയാന്‍ അദ്ദേഹം സംസ്‌കൃതം ഭാഷ സ്വായത്തമാക്കി.

ആയിരക്കണക്കിന് രോഗികളെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ നടത്തി. അവരെല്ലാം അദ്ദേഹത്തെ പ്രാണന് തുല്ല്യം സ്‌നേഹിച്ചിരുന്നു. ആരോഗ്യ രംഗത്തോടൊപ്പം കേരളത്തിന്റെ പൊതുവായ വികസനത്തിനും തല്‍പരനായിരുന്നു ഡോ.വല്ല്യത്താന്‍. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ കപ്പിത്താനെയാണ് നമുക്ക് നഷ്ടമാകുന്നത്. വിശ്രമ രഹിതമായി പ്രവര്‍ത്തിച്ച കര്‍മ്മയോഗി, ഗവേഷകന്‍, മഹാനായ ഭിഷഗ്വരന്‍, ആരോഗ്യ മേഖലയില്‍ ആധുനികത വെട്ടിത്തുറന്ന ഗവേഷകന്‍, നിരന്തര പ്രയത്‌നത്തിലൂടെ അറിവുകളന്വേഷിച്ച പഠിതാവ് എന്നീ പല വിശേഷണങ്ങളുടെയും ഉടമയാണ് അദ്ദേഹം. ഹൃദയം സംരക്ഷിക്കാന്‍ രക്ഷാകവചമൊരുക്കിയ മഹാത്മാവേ അങ്ങയെ കാലം ഒരിക്കലും മറക്കില്ല, ആ മഹാത്മാവിന് അന്ത്യാജ്ഞലി.

 

 

ഹൃദയങ്ങളുടെ കാവല്‍ക്കാരന് അന്ത്യാജ്ഞലി

Share

Leave a Reply

Your email address will not be published. Required fields are marked *