എഡിറ്റോറിയല്‍
വിദ്യ നേടി പ്രബുദ്ധരാവാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളിലെത്തുന്നത്. എന്നാല്‍ അവിടെ വെച്ച് സഹപാഠികളുടെ റാഗിങ്ങില്‍ സിദ്ധാര്‍ത്ഥനെന്ന വിദ്യാര്‍ത്ഥിക്ക് ജീവന്‍ തന്നെ നഷ്ടപ്പെടുകയുണ്ടായി. ഇതിന് കാരണക്കാരായ 19 വിദ്യാര്‍ത്ഥികളും ഇന്ന് ജാമ്യത്തിലാണ്. സഹപാഠിയെ നിഷ്ഠൂരമായി പീഢിപ്പിക്കാന്‍ ഈ 19 പേരെയും പ്രേരിപ്പിച്ച ചേതോവികാരമെന്താണ്. ഇത് എങ്ങനെ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് പിഴുതെറിയാം എന്നതാണ് കേരളീയ സമൂഹം ഗൗരവത്തില്‍ ചിന്തിക്കേണ്ടത്. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനക്ക് നമുക്ക് എങ്ങനെ പരിഹാരം കണ്ടെത്താനാകും. കേരളീയ മന:സാക്ഷി വിറങ്ങലിച്ച സംഭവമായിരുന്നു സിദ്ധാര്‍ത്ഥന്റെ മരണം.
പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു ന്യൂനപക്ഷം ഗുണ്ടകളാവുന്നതിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് തന്നെയാണ്. സംഘടിത പ്രസ്ഥാനത്തിന്റെ കൈക്കരുത്തില്‍ കാമ്പസുകളെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രബുദ്ധരായ നമ്മുടെ അറിവിന്റെ പാരമ്പര്യത്തെ തച്ചുതകര്‍ക്കുന്നവരാണ്. രാഷ്ട്രീയം ഫാഷനും, തൊഴിലും ബിസിനസുമായി കൊണ്ടു നടക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ രാഷ്ട്രീയ മണ്ഡലമെന്ന് പറയാതെ വയ്യ. രാഷ്ട്രീയ പാര്‍ട്ടികള്‍ പോഷക സംഘടനകള്‍ സൃഷ്ടിക്കുമ്പോള്‍ അത് ഏതെല്ലാം മേഖലകളിലാവണമെന്ന ആത്മ പരിശോധന നടത്തേണ്ട കാലഘട്ടമാണിത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവാരമില്ലാത്ത നാടകങ്ങളില്‍ അതൃപ്തിയുള്ളവരാണ് യുവജന സംമൂഹം. രാഷ്ട്രീയ രംഗത്ത് പരിവര്‍ത്തനം വരേണ്ട കാലമാണിത്. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കുകയാണ്. യുവജന സമൂഹത്തെ മാതൃകാ സമൂഹമാക്കി വളര്‍ത്തിയെടുക്കുവാനുള്ള പ്രതീകങ്ങളായി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മാറുന്നുണ്ടോ എന്നതും അവര്‍ ആത്മ പരിശോധന നടത്തണം.
പൂക്കോട് വെറ്റിനറി കോളേജിലെ ദാരുണമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയമിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന്റെ നിഗമനങ്ങള്‍ ഭാവി കാമ്പസുകളുടെ ദിശാ ബോധത്തിന് വഴികാട്ടിയാണ്. ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വലിയ ചര്‍ച്ചാവിഷയമാണിന്ന്. ജനങ്ങളുടെ നികുതി പണം കൊണ്ട് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം പറ്റുന്നവര്‍ ജോലി കൃത്യമായി ചെയ്തില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുകയാണ് വേണ്ടത്. അപ്പോള്‍ അവര്‍ക്ക് കുടപിടിക്കാന്‍ സര്‍വ്വീസ് സംഘടനകള്‍ ഓടി വരരുത്. എന്തിനും ഏതിനും രാഷ്ട്രീയം കലര്‍ത്തുന്നതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. ആഗോള നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ ലോകം മാറുകയും, സമൂഹത്തിന് വേണ്ടപ്പെട്ടവരായി മാറുന്ന വിദ്യാര്‍ത്ഥി സമൂഹം സൃഷ്ടിക്കണമെങ്കില്‍ നമ്മളിനിയും കാമ്പസുകളില്‍ അഴിഞ്ഞാടുന്നവരെ കര്‍ശനമായി ശിക്ഷിക്കാന്‍ തയ്യാറാവുകയും വേണം.