മുംബൈ: കുടുംബത്തില്‍ അജിത് പവാറിന് സ്ഥാനമുണ്ടെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെങ്കില്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളണമോയെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം തേടുമെന്ന് എന്‍സിപി സ്ഥാപകന്‍ ശരദ് പവാര്‍. സഹോദരപുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശരത് പവാറിന്റെ മറുപടി. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവരുടെ അഭിപ്രായം വിലപ്പെട്ടതാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റില്‍ മത്സരിച്ച അജിത് പവാര്‍ പക്ഷം ഒരിടത്തു മാത്രമാണ് വിജയിച്ചത്. മത്സരിച്ച 10 സീറ്റുകളില്‍ എട്ടിടത്തും ജയിച്ച ശരദ് പവാറിന്റെ എന്‍സിപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതോടെ മാതൃ പാര്‍ട്ടിയിലേക്കുള്ള തിരിച്ചൊഴുക്കും ആരംഭിച്ചു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലെ ചില എംഎല്‍എമാര്‍ തന്റെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ജയന്ത് പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ശരദ് പവാറും വ്യക്തമാക്കി.പിന്നാലെ, കഴിഞ്ഞ ദിവസം25 നേതാക്കള്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തുനിന്നു രാജിവച്ച് ശരദ് പവാറിനൊപ്പം ചേര്‍ന്നു.
2023ലാണ് അജിത് പവാറിന്റെ നേതൃത്വത്തില്‍ 41 എംഎല്‍എമാര്‍ എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത്. മാത്രമല്ല അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ യഥാര്‍ഥ എന്‍സിപിയായി തിരഞ്ഞെടുപ്പു കമ്മിഷനും മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റതിനു കാരണം അജിത് പവാറുമായുള്ള സഖ്യമാണെന്ന് ആരോപണംുണ്ടായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 23 സീറ്റില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ 9 സീറ്റു മാത്രമാണ് ലഭിച്ചത്.
പവാര്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ട്
പക്ഷെ പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകരുടെ തീരുമാനം
അനിവാര്യം; ശരത് പവാര്‍