കര്‍ണാടകയിലെ കന്നഡ സംവരണം: പ്രതിഷേധം ശക്തം

കര്‍ണാടകയിലെ കന്നഡ സംവരണം: പ്രതിഷേധം ശക്തം

ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം അനുവദിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ തീരുമാനം വ്യവസായ വളര്‍ച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്(നാസ്‌കോം ) അറിയിച്ചു. ജിഡിപിയുടെ 25 ശതമാനം ടെക് ഇന്‍ഡസ്ട്രിയാണ് നല്‍കുന്നത്, നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാന്‍ നിര്‍ബന്ധിതരാക്കുമെന്നും നാസ്‌കോം അഭിപ്രായപ്പെട്ടു.ബെംഗളുരുവിലെ ടെക് കമ്പനികളെ അടക്കം ഒറ്റയടിക്ക് പേടിപ്പിച്ചോടിക്കുന്ന ബില്ലെന്ന് ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷായും അഭിപ്രായപ്പെട്ടു.

സ്വകാര്യ സ്ഥാപനങ്ങളില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കര്‍ണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്‌മെന്റ് പദവികളിലും 75% നോണ്‍ മാനേജ്‌മെന്റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാര്‍ശ.

ഐടി കമ്പനികള്‍, മള്‍ട്ടി നാഷണല്‍ കമ്പനികള്‍, ബയോടെക്‌നോളജി സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, വിനോദകമ്പനികള്‍ (മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ), ഹോട്ടലുകള്‍, ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം ചട്ടം ബാധകമാകും. തൊഴില്‍ റിപ്പോര്‍ട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. 100 പേരില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി വേണം. ഏത് സംരംഭവും ഹൈവേകളില്‍ അടക്കം വയ്ക്കുന്ന പരസ്യബോര്‍ഡുകളിലെ പ്രധാന ഭാഷ കന്നഡയായിരിക്കണം. ഏത് കമ്പനികളുടെയും തൊഴില്‍ രേഖകള്‍ ഏത് സമയവും പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും.

ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് കര്‍ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാന്‍ പാടുളളുവെന്നും ബില്ലിലുണ്ട്. പ്യൂണ്‍, സ്വീപ്പര്‍ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. കര്‍ണാടകയില്‍ റജിസ്റ്റര്‍ ചെയ്ത കച്ചവടസ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമാണ് ചട്ടം ബാധകമാകുക.

 

കര്‍ണാടകയിലെ കന്നഡ സംവരണം: പ്രതിഷേധം ശക്തം

 

Share

Leave a Reply

Your email address will not be published. Required fields are marked *