ന്യൂഡല്‍ഹി: മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാകണമെന്ന് എ.എ. റഹീം എം.പി. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും റഹീം പറഞ്ഞു.
രണ്ട് കത്താണ് നല്‍കുന്നത്. ആദ്യത്തേതില്‍ വിഷയം അന്വേഷിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ റെയില്‍വേയോട് സഹകരിക്കാന്‍ ആവശ്യപ്പെടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഈ കത്തില്‍ ആവശ്യപ്പെട്ടതായും റഹീം കൂട്ടിച്ചേര്‍ത്തു.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലില്‍ പൈപ്പില്‍ കുടുങ്ങിയനിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു.
ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു. കൂടാതെ, ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കുമെന്നും 10 ലക്ഷം രൂപധനസഹായവും കൈമാറുമെന്നുമാണ് വിവരം.
ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം;എഎ റഹീം എം.പി.