കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 13ന് (ശനി) ഉച്ചക്ക് 3.30ന് ഗുരുവായൂരപ്പന്‍ ഹാളില്‍ (തളി) നടക്കുമെന്ന് സല്‍കൃതി എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുസ്തക പ്രകാശനം കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ.മല്ലികാ സാരാഭായി മേയര്‍ ബീന ഫിലിപ്പിന് നല്‍കി നിര്‍വ്വഹിക്കും. ചടങ്ങില്‍ വെച്ച് 100ന്റെ നിറവിലെത്തിയ സാമൂതിരി രാജ കെ.സി.ഉണ്ണി അനുജന്‍ രാജയെ ആദരിക്കും. 1877ല്‍ സാമൂതിരി ആരംഭിച്ച കോളേജ് 2027ല്‍ 150 വര്‍ഷം തികയുകയാണ്. 1877ല്‍ അന്നത്തെ സാമൂതിരി രാജാവായിരുന്ന ശ്രീ മാനവിക്രമന്‍ രാജയാണ് കേരള വിദ്യാശാലയെന്ന ഇന്നത്തെ സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് സ്ഥാപിക്കുന്നത്. 1878ല്‍ തന്നെ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുക എന്ന വിപ്ലവാത്മകമായ നടപടി എടുക്കുകയും ചെയ്തു. ഗ്രന്ഥത്തിന്റെ 600ഓളം വരുന്ന താളുകളില്‍ കഴിഞ്ഞ 147 വര്‍ഷത്തെ കോളേജിന്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സി.വാസുദേവന്‍ ഉണ്ണി, പി.പത്മനാഭന്‍, കെ.മാധവന്‍ നായര്‍, ഡി.ഡി.നമ്പൂതിരി, കെ.പി.ശശിധരന്‍, സി.എം.സത്യവതി, എം.മാധവിക്കുട്ടി, എന്‍.ഇ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.