ഡല്‍ഹി: വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിന് ആവശ്യപ്പെടാമെന്ന് സുപ്രിംകോടതി. ജീവനാംശം ദാനമല്ലെന്നും സ്ത്രീകളുടെ അവകാശമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന അടങ്ങിയ ബഞ്ച് വ്യക്തമാക്കി.തെലുങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുല്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാര്‍ തന്റെ ഭാര്യക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് യുവാവ് നല്‍കിയ ഹരജി തള്ളുകയും ചെയ്തു. എല്ലാ മതത്തിലുള്ള സ്ത്രീകള്‍ക്കും ജീവനാംശം ആവശ്യപ്പെടുന്നതിനുള്ള നിയമം സാധുതയുള്ളതായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതിയുടെ നടപടി.
ഷാ ബാനോ കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തി നിയമത്തേക്കാള്‍ മതേതര നിയമമാണ് നിലനില്‍ക്കുകയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിവാഹിതര്‍ മാത്രമല്ല എല്ലാ വനിതകള്‍ക്കുംക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിന്റെ ക്ഷേമത്തിനായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നവരാണ് വീട്ടമ്മമാരെന്ന് കോടതി പ്രസ്താവിച്ചു. ‘ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടത് ഒരു പുരുഷന് അത്യാവശ്യമാണ്. തന്റെ സാമ്പത്തിക ശേഷി അനുസരിച്ച് സ്വതന്ത്രമായ വരുമാന മാര്‍ഗ്ഗമില്ലാത്ത ഭാര്യക്ക് അവളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്രോതസുകള്‍ ലഭ്യമാക്കേണ്ടതാണ്. അതായത് പുരുഷന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ അവന്റെ ഭാര്യക്കും അവകാശമുണ്ടായിരിക്കുമെന്ന് കോടതി പറഞ്ഞു. ജീവനാംശം ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.
ജീവനാംശം സ്ത്രീകളുടെ അവകാശം
ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് നല്‍കാം
സുപ്രീം കോടതി