ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയിലെ നിയമ ബിരുദ കോഴ്‌സ് സിലബസില്‍ മനുസ്മൃതി ഉള്‍പെടുത്താനുള്ള തീരുമാനം നാളെ. ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാന്‍ സര്‍വകലാശാലയുടെ നീക്കം.
നാളെ ചേരുന്ന സര്‍വകലാശാലയുടെ അക്കാദമിക്ക് കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുുക. കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനില്‍ മനുസ്മൃതി പാഠ്യ വിഷയത്തിന്റെ ഭാഗമാകും.
എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ സിലബസില്‍ ആണ് മനുസ്മൃതി ഉള്‍പെടുത്താന്‍ പോകുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശുപാര്‍ശ അക്കാഡമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 2020 ലെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. നീക്കത്തിനെതിരെ അധ്യാപകരും രംഗത്ത് എത്തിയിട്ടുണ്ട്.