ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ചോദ്യപേപ്പര്‍ തയാറാക്കിയത് മുതല്‍ വിതരണം വരെയുള്ള വിശദാംശങ്ങളാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ നടത്താമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും, അത്തരത്തില്‍ ഒരു നടപടി കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് അങ്ങേയറ്റത്തെ തീരുമാനമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാവര്ക്കും ചേര്‍ന്ന് ഒറ്റ അപേക്ഷ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു.