കൊച്ചി: കേരളത്തിലേത് മികച്ച സര്‍ക്കാര്‍ സ്‌കൂളുകളാണെന്നും ഇവിടെ ജനിച്ചത് ഭാഗ്യമായി കാണുന്നെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.ശ്യാം സുന്ദര്‍. കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു പല സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് കേരളത്തിലേതു പോലെ സൗകര്യങ്ങളോ മികവോ ഉള്ള സ്‌കൂളുകള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതു കൊണ്ടാണ് കേരളത്തിന് വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ബീമാരു സ്റ്റേറ്റ്‌സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കുറെ സംസ്ഥാനങ്ങളുണ്ട്. രോഗം പിടിച്ച സംസ്ഥാനങ്ങള്‍ എന്നതിനോടാണ് ഇവയെ ഉപമിക്കുന്നത്.ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ, പട്ടിണിപ്പാവങ്ങളുള്ള സംസ്ഥാനങ്ങളാണിവ. ഈ സംസ്ഥാനങ്ങളിലെല്ലാം താന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി പോയിട്ടുണ്ട്. ഒരു മാസത്തോളം ആറോ എഴോ മണ്ഡലങ്ങളുടെ ചുമതലയായിരിക്കും നമുക്ക് ലഭിക്കുക. അവിടെനിന്നു മറ്റു ജില്ലകളിലേക്കും നമ്മള്‍ യാത്ര നടത്താറുണ്ട്. ഇവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനേക്കാള്‍ മെച്ചപ്പെട്ട സ്‌കൂളുകള്‍ ഞാന്‍ കണ്ടിട്ടില്ല എന്നത് സത്യമാണ്.ആന്ധ്രയിലും തെലുങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല.കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെ ഒരു സ്‌കൂളു പോലും ഈ സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ല. അയല്‍ സംസ്ഥാനമായ ഒഡീഷയില്‍ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓല കെട്ടിയ കുടിലുകളില്‍ താമസിക്കുന്നവരാണ് അവിടെയുള്ളത്. ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ച് രക്ഷപ്പെടുക അസാധ്യമാണ്.
രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്‌കൂളെന്ന് പറയുന്നത്. കോടിക്കണക്കിന് രൂപ അനുവദിച്ച് വലിയ കെട്ടിടങ്ങള്‍ പണിതു എന്നായിരിക്കും രേഖകളില്‍ വരുത്തി തീര്‍ക്കും. എന്നാല്‍ യഥാര്‍ഥത്തിലുള്ള അവസ്ഥ ഇങ്ങനെയാണ്. കേരളത്തില്‍ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണെന്ന് അപ്പോള്‍ ഞാനോര്‍ക്കാറുണ്ട്. ഇവിടെ നമുക്ക് ശക്തമായ ഒരു സര്‍ക്കാര്‍ പിന്തുണാ സംവിധാനമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലോ അല്ലെങ്കില്‍ ഏതു മേഖല എടുത്താലും അതുണ്ടെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേത് മികച്ച സര്‍ക്കാര്‍ സ്‌കൂളുകള്‍;
സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ശ്യാംസുന്ദര്‍