ഡുസല്‍ഡോര്‍ഫ് (ജര്‍മനി): ബെല്ലിങ്ങാമിനും ഡെറിമലിനും എതിരെ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ നടപടി. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം തുര്‍ക്കിയുടെ മെറിക് ഡെറിമല്‍ എന്നിവര്‍ക്കാണ് ഗോള്‍ ആഹ്ലാദം അതിരുവിട്ടതിനെതിരെ മത്സരങ്ങളില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇരുവര്‍ക്കുമെതിരേ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് അന്വേഷണം നടത്തിയിരുന്നു. ബെല്ലിങ്ങാമിനെ ഒരു മത്സരത്തില്‍നിന്നും ഡെറിമലിനെ രണ്ടുകളിയില്നിന്നും വിലക്കി. ബെല്ലിങ്ങാമിന് 27 ലക്ഷം രൂപ പിഴയും ഈടാക്കി.
എന്നാല്‍, ഇംഗ്ലണ്ട് താരത്തിനെതിരേ ഉടനടി നടപടിയില്ലെന്നും ഒരു വര്‍ഷം പ്രൊബേഷന്‍ കാലാവധിയുണ്ടെന്നും യുവേഫ വ്യക്തമാക്കി. ഇതോടെ സ്വിറ്റ്സര്ലന്ഡിനെതിരേയുള്ള ക്വാര്‍ട്ടറില്‍ താരത്തിനു കളിക്കാം. പ്രീക്വാര്‍ട്ടറില്‍ ബെല്ലിങ്ങാമിന്റെ ഇഞ്ചുറിസമയത്തുള്ള ബൈസിക്കിള്‍ കിക്ക് ഗോളിലാണ് സമനിലനേടിയതും അധികസമയത്ത് ഹാരി കെയ്നിന്റെ ഗോളില്‍ സ്ലൊവാക്യയെ തോല്‍പ്പിച്ചതും. ഗോളടിച്ചശേഷം കൈകൊണ്ടുള്ള ആഹ്ലാദമാണ് വിവാദമായത്.
തുര്‍ക്കിയുടെ മെറിക് ഡെറിമലിനെ അടിയന്തരമായാണ് രണ്ടുകളികളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. താരത്തിന് ഇനിയുള്ള രണ്ടുമത്സരങ്ങള്‍ കളിക്കാനാകില്ല. നെതര്‍ലന്‍ഡ്സിനെതിരേയുള്ള ക്വാര്‍ട്ടറില്‍ ഇറങ്ങില്ല. ഓസ്ട്രിയക്കെതിരേ വിജയഗോള്‍ നേടിയ ശേഷം തുര്‍ക്കി ദേശീയവാദികള്‍ ഉപയോഗിക്കുന്ന ‘വോള്‍ഫ് സല്യൂട്ട് ‘ എന്ന വിശേഷണമുള്ള ആംഗ്യം കാണിച്ചതിനാണ് ഡെറിമലിനെതിരേ നടപടിയെടുത്തത്.
ബെല്ലിങ്ങാമിനും ഡെറിമലിനും മത്സരവിലക്ക്