ലണ്ടന്‍: വന്‍ ഭൂരിപക്ഷ്‌ത്തോടെ ലേബര്‍ പാര്‍ട്ടി ബ്രിട്ടനില്‍ അധികാരം കയ്യടക്കി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റ് നേടിയാണ് ലേബര്‍ പാര്‍ട്ടിയിലെ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുന്നത്. റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. ഇതോടെ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിച്ചു. മാറ്റത്തിനു വേണ്ടി പൊരുതിയവര്‍ക്ക് നന്ദിയറിയിച്ചാണ് കെയ്ര്‍ സ്റ്റാര്‍മര്‍ വിജയം ആഘോഷിച്ചത്.
വിലക്കയറ്റം, സാമ്പത്തികപ്രതിസന്ധി, ദേശീയ കടം, ആരോഗ്യ രംഗത്തെ തകര്‍ച്ച, അനധികൃത കുടിയേറ്റം അടക്കമുള്ള അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചാണ് സുനക് ഭരണം തുടങ്ങിയതെങ്കിലും പ്രഖ്യാപനങ്ങള്‍ പാതി വഴിയില്‍ ഒടുങ്ങുകയായിരുന്നു. രാജ്യത്തെ സാമ്പത്തികം മെച്ചപ്പെട്ടുവെങ്കിലും പക്ഷേ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടില്ല. വേതന വര്‍ദ്ധനവും ഉണ്ടായില്ല. രാജ്യത്തെ വിലയൊരു പങ്കും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ തന്നെ തുടരുന്ന സാഹചര്യവുമുണ്ടായി. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് വെട്ടിക്കുറച്ച ഫണ്ട് സുനകിന് പുനസ്ഥാപിക്കാനുമായില്ല. ആരോഗ്യരംഗത്തെ തകര്‍ച്ച തുടരുകയും ചെയ്തു. ചികിത്സ കാത്തിരിക്കുന്നവരുടെ ക്യൂവിന്റെ നീളം കൂടി. ഇതിനുപുറമേയാണ് അനധികൃത കുടിയേറ്റം തടയാന്‍ ഇംഗ്ലിഷ് ചാനല്‍ കടക്കുന്ന ചെറുബോട്ടുകള്‍ പിടികൂടി തുടങ്ങിയത്.
അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കയറ്റി അയക്കാനുള്ള തീരുമാനം അതിലും വലിയ ദുരന്തമായി. ഇതിനെല്ലാം പുറമേയാണ് പാര്‍ട്ടിയിലുണ്ടായ കൂറുമാറ്റം. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ലീ ആന്‍ഢേഴ്‌സണ്‍ കൂറുമാറുക മാത്രമല്ല, സുനകിനെതിരെ കടുത്ത പ്രചാരണവും അഴിച്ചുവിട്ടു. ചാള്‍സ് രാജാവിനേക്കാള്‍ സമ്പന്നനായ പ്രധാനമന്ത്രി, ജനം നികുതിക്കെണിയില്‍ വലയുമ്പോള്‍ സ്വന്തം ഭാര്യയെ അതില്‍ നിന്ന് രക്ഷിക്കാനൊരുങ്ങിയത് ജനത്തിനും ദഹിച്ചില്ല. സുനകിന് നഷ്ടപ്പെട്ടത് സ്വന്തം പാര്‍ട്ടിയുടെ പിന്തുണയാണ്. പല പക്ഷങ്ങളായിരുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സുനകിനെ അംഗീകരിക്കാന്‍ തയ്യാറായില്ല.
അഞ്ചുകോടി വോട്ടര്‍മാര്‍ 650 പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സീറ്റുകള്‍ പോലും ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തു.ഒട്ടേറെ മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാക്കള്‍ പരാജയം രുചിച്ച തെരഞ്ഞെടുപ്പില്‍ റിഷി സുനക്കിന് റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് നിലനിര്‍ത്താനായി എന്നത് മാത്രമാണ് പാര്‍ട്ടിക്ക് ആശ്വാസമായിട്ടുള്ളത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി റിഷി സുനക് പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദു മത വിശ്വാസിയും എന്ന വിശേഷണത്തോടെ ആണ് സുനക് പടിയിറങ്ങുന്നത്.
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം
കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി