കനിവ്-പീപ്പിള്‍സ് കെയര്‍ സെന്റര്‍ പ്രഖ്യാപനം നാളെ

കനിവ്-പീപ്പിള്‍സ് കെയര്‍ സെന്റര്‍ പ്രഖ്യാപനം നാളെ

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  സന്നദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആരോഗ്യ രംഗത്ത് പുതിയ ഒരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ആശ്രയമാവുന്ന ‘കനിവ് – പീപ്പിള്‍സ് കെയര്‍ സെന്റര്‍’ പദ്ധതിയുടെ പ്രഖ്യാപനം നാളെ (ജൂലൈ 3ന്) വൈകു. 7 മണിക്ക് കോഴിക്കോട് കെ.പി.എം ട്രൈപെന്റയില്‍ നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ്റഹ്‌മാന്‍ നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജിന് നാനൂറ് മീറ്റര്‍ സമീപത്താണ് സെന്റര്‍ പണിയുന്നത് .
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാല ചികിത്സാര്‍ഥം എത്തുന്ന അഡ്മിറ്റ് ചെയ്തിട്ടില്ലാത്ത രോഗികള്‍ക്കും, രോഗികളുടെ പരിചാരകര്‍ക്കും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം, മിതമായ ചിലവില്‍ വിദഗ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളെയും, ചികിത്സാ രീതികളെയും, ഡോക്ടര്‍മാരെയും, അനുബന്ധ സംവിധാനങ്ങളെയും കുറിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ ഗൈഡന്‍സ് സെന്റര്‍, കുറഞ്ഞ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാര്‍മസി എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളിലൂടെ നടപ്പിലാക്കുന്ന വിവിധ ചികിത്സാ സഹായ പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ പീപ്പിള്‍സ് കെയര്‍ സെന്ററിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും.

മലബാര്‍ മേഖലയിലെ സാധാരണക്കാരായ ആയിരക്കണക്കിന് രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും പദ്ധതി വലിയ ആശ്വാസവും, ആശ്രയവുമായിരിക്കും. കേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ ഡോക്ടര്‍മാരെയും, മികച്ച ഹോസ്പിറ്റല്‍ സംവിധാനങ്ങളെയും ഈ പദ്ധതിയുമായി സഹകരിപ്പിക്കും. സാമൂഹിക പ്രതിബദ്ധതയോടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് സെന്റര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ പ്രഖ്യാപന ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി. ടി അബ്ദുല്ല കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ് മുഖ്യാതിഥിയായിരിക്കും. ഡോക്ടര്‍ ഇദ്‌രീസ്,പി.കെ അഹമ്മദ്, പി.സി താഹിര്‍, എന്‍.കെ മുഹമ്മദലി, തുടങ്ങി സാമൂഹ്യ സേവന രംഗത്തെ നിരവധി സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും സഹകരിക്കുകയും ചെയ്യുന്ന പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി.സി അന്‍വര്‍, എം അബ്ദുല്‍ മജീദ്, അയ്യൂബ് തിരൂര്‍,
ഫൈസല്‍ പൈങ്ങോട്ടായി, ശരീഫ് കുറ്റിക്കാട്ടൂര്‍ പങ്കെടുത്തു.

 

 

 

കനിവ്-പീപ്പിള്‍സ് കെയര്‍ സെന്റര്‍ പ്രഖ്യാപനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *