കോഴിക്കോട്: മൊബൈല്‍ കമ്പനികള്‍ അനിയന്ത്രിതമായി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് മൊബൈല്‍ വ്യാപാരി സമിതി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. റിലയന്‍സും, ജിയോയും, എയര്‍ടെല്ലുമാണ് 10 മുതല്‍ 25% വരെ നിരക്ക് വര്‍ധിപ്പിച്ചത്. മറ്റു കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാ പ്രീ പെയ്ഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കും ജൂലൈ മൂന്നാം തിയ്യതി മുതല്‍ വര്‍ധിപ്പിച്ച നിരക്ക് ബാധകമാകും. സംസാരസമയമോ ഡാറ്റയോ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. 155 മുതല്‍ 399 വരെയുള്ള മാസ പ്ലാനുകള്‍ ഇനി മുതല്‍ 189 മുതല്‍ 449 വരെയും 1559 രൂപയുടെ വാര്‍ഷിക പ്ലാന്‍ ഇനി മുതല്‍ 1899 രൂപയുമാക്കി വര്‍ധിപ്പിച്ചു. മൊബൈല്‍ കമ്പനികളുടെ 5ജി നിക്ഷേപ ചിലവ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതിന്റെ ഭാഗമായാണ് ഈ നിരക്ക് വര്‍ധന. യാതൊരു നിയന്ത്രണവുമില്ലാതെ മൊബൈല്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് മൊബൈല്‍ വ്യാപാരമേഖലയെ തകര്‍ക്കുമെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വി ഇഖ്ബാലും പ്രസിഡണ്ട് സലിം തിരുവനന്തപുരവും ട്രഷറര്‍ പ്രജീഷും എന്നിവര്‍ പറഞ്ഞു.
മൊബൈല്‍ നിരക്ക് വര്‍ധനയില്‍ പ്രതിഷേധവുമായി മൊബൈല്‍ വ്യാപാരി സമിതി