സ്പീക്കര്‍മാര്‍ നിഷ്പക്ഷത പാലിക്കണം

എഡിറ്റോറിയല്‍

നിയമസഭകളുടെ അന്തസത്ത നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ് സ്പീക്കര്‍മാര്‍. സര്‍ക്കാരും, പ്രതിപക്ഷവും തമ്മിലുള്ള വിഷയങ്ങളില്‍ പരിപൂര്‍ണ്ണമായി നിഷ്പക്ഷത പാലിച്ച്, നിയമസഭകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് സ്പീക്കര്‍മാര്‍. കേരള നിയമസഭയില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച നിരവധി സ്പീക്കര്‍മാര്‍ നമുക്കുണ്ടായിട്ടുണ്ട്. അവര്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലൂടെ നിയമസഭയുടെ നിയമങ്ങള്‍ കാത്ത്‌സൂക്ഷിച്ചവരാണ്. ഇക്കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ എന്‍.എം.ഷംസീറിന്റെ നടപടി വ്യാപകമായ വിമര്‍ശനത്തിനിടയാക്കിയത്. കേരളമാകെ അപലപിച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അന്യായമായി പരോള്‍ നല്‍കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ ടി.പിയുടെ ഭാര്യയും, എം.എല്‍.എയുമായ കെ.കെ.രമ അടിയന്തിര പ്രമേയമായി നോട്ടീസ് നല്‍കിയപ്പോള്‍ അവതരണാനുമതി നിഷേധിക്കുകയും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറയുകയും ചെയ്തതാണ് കേരള നിയമസഭയുടെ അന്തസിന് പോറലേല്‍പ്പിച്ചത്. കെ.കെ.രമയുടെ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് ചട്ടം പാലിച്ചുകൊണ്ടല്ലെന്ന് നിയമ വിദഗ്ത്തര്‍ അഭിപ്രായപ്പെടുന്നു. ടി.പി.ചന്ദ്രശേഖരനെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ അരുംകൊല ചെയ്ത പ്രതികള്‍ക്ക് ഒരു കാരണവശാലും പരോള്‍ കൊടുക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഈ പ്രതികള്‍ക്ക് ജാമ്യം കൊടുക്കാനുള്ള അണിയറ നീക്കം നടന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനുള്ള സംശയങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടിയിരുന്നത്. കേരളം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ടി.പി.വധക്കേസ്സ്.

ടി.പി.കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായം ഗവണ്‍മെന്റ് ചെയ്യുന്നതായി ആരോപണവും നിലനില്‍ക്കുന്നുണ്ട്. അത്രയേറെ പ്രമാദമായ ഒരു സംഭവത്തില്‍ മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തില്‍ സഭയില്‍ മറുപടി പറയേണ്ട സന്ദര്‍ഭമാണ് സ്പീക്കറുടെ ഏറെ വിമര്‍ശിക്കപ്പെടുന്ന ഇടപെടലിലൂടെ ഇല്ലാതായത്.

രാഷ്ട്രീയ ക്രിമിനലുകള്‍ കേരളത്തില്‍ ഇല്ലാതാവണമെങ്കില്‍ ടി.പി കേസിലടക്കം പ്രതികളായവരെ നിയമത്തിന്റെ അഴിക്കുള്ളില്‍ അടക്കേണ്ടതാണ്. ഇത്തരക്കാര്‍ക്ക് ചൂട്ട് പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, ഭരണകൂട സംവിധാനങ്ങളോ മുതിരരുത്. സ്പീക്കര്‍മാര്‍ ഒരിക്കലും ഭരിക്കുന്ന കക്ഷിയുടെ കോളാമ്പിയാവരുത്. അവരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സഭകളുടെ ജനാധിപത്യ മര്യാദകളും പാര്‍ലമെന്ററി ചട്ടങ്ങളുടെ സംരക്ഷണവുമാണ്.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സത്ത കാക്കേണ്ടവരാണ് സഭാധക്ഷ്യന്മാര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തും ലോക്‌സഭാ സ്പീക്കര്‍ വിവേചനപരമായി പെരുമാറിയതായി ആക്ഷേപമുയര്‍ന്നിരുന്നു. ലോക്‌സഭാ സ്പീക്കറായിരുന്ന ഓം ബിര്‍ല 100ഓളം പ്രതിപക്ഷ എം.പിമാരെയാണ് സസ്‌പെന്റ് ചെയ്തത്. ലോക്‌സഭയായാലും, നിയമസഭകളായാലും അതിന്റെ അധ്യക്ഷന്‍മാരായ സ്പീക്കര്‍മാര്‍ നിഷ്പക്ഷത പാലിക്കേണ്ടതും സഭകളെ കൃത്യമായും നയിക്കേണ്ടതും, ലോകം ഉറ്റു നോക്കുന്ന ജനാധിപത്യ സൂര്യനായ ഇന്ത്യയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തും.

 

 

സ്പീക്കര്‍മാര്‍ നിഷ്പക്ഷത പാലിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *