വിനയം ഇല്ലെങ്കില്‍ എന്ത് പ്രസിദ്ധിയുണ്ടായിട്ടും കാര്യമില്ല – ഡോ.എം.എന്‍ കാരശ്ശേരി

വിനയം ഇല്ലെങ്കില്‍ എന്ത് പ്രസിദ്ധിയുണ്ടായിട്ടും കാര്യമില്ല – ഡോ.എം.എന്‍ കാരശ്ശേരി

കക്കാട് സ്‌കൂളിലെ പുസ്തക വണ്ടിക്കു പ്രൗഢമായ തുടക്കം

 

മുക്കം: വിനയം ജീവിതത്തില്‍ ഏറെ പ്രധാനമാണെന്നും അതില്ലേല്‍ എത്ര വലിയ ആളായാലും സുഖം അനുഭവിക്കാനാവില്ലെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എം.എന്‍ കാരശ്ശേരി പറഞ്ഞു. കക്കാട് ഗവ. എല്‍.പി സ്‌കൂളിലെ പുസ്തക വണ്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാനും നിങ്ങളും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇനി നമ്മള്‍ ഇല്ലാത്ത ഒരു കാലം വരാനിരിക്കുന്നു. ലോകത്ത് 800 കോടി മനുഷ്യരുണ്ട്. അതില്‍ ഒരാളാണ് ഞാനും നിങ്ങളുമൊക്കെ. വിനയം ഇല്ലെങ്കില്‍ എന്തു പ്രസിദ്ധിയിട്ടുണ്ടായിട്ടും കാര്യമില്ല. വിനയം ജീവിതത്തിന്റെ ഊന്നുവടിയാകണം. വാക്കുകള്‍ ശുദ്ധമാകണം. വായിലേക്ക് വരുന്നതിനേക്കാള്‍ ശുദ്ധി വേണ്ടത് വായില്‍നിന്ന് വരുന്നതിനാണെന്ന് പറയാറുണ്ട്. ധാരാളം പുസ്തകങ്ങള്‍ വായിക്കണം. അത്തരമൊരു പുസ്തക സംസ്‌കാരം സ്‌കൂളുകളില്‍നിന്ന് വീടുകളില്‍ എത്തണം. അമ്മമാര്‍ക്കതില്‍ കൂടുതല്‍ ചെയ്യാനാകും. അവര്‍ നന്നായി വായിക്കണം. സ്‌കൂളിലെ ലൈബ്രറി സംവിധാനം സ്‌കൂള്‍ കുട്ടികള്‍ക്കു പുറമെ അവരുടെ അമ്മമാര്‍ക്കും അനധ്യാപകര്‍ക്കുമെല്ലാം ലഭ്യമാക്കണം. റഫറന്‍സ് പുസ്തകങ്ങള്‍ മാത്രം വീടുകളിലേക്ക് നല്‍കാതെ സ്‌കൂള്‍ ലൈബ്രറിയില്‍നിന്നു തന്നെ വായിക്കുന്ന സംവിധാനം ഒരുക്കണം.

സ്‌കൂളില്‍, പരീക്ഷയില്‍ മാര്‍ക്ക് കിട്ടുന്നത് നല്ലതാണ്. എന്നാല്‍, അതു മാത്രമല്ല പഠനം. വീട്ടിലും സമൂഹത്തിലും നല്ല മനുഷ്യനാവാന്‍ പഠനം സഹായിക്കണം. പാഠപുസ്തകങ്ങളില്‍ ഉള്ളതിനേക്കാള്‍ കാര്യങ്ങള്‍ പുറത്തുണ്ടെന്ന് അറിയണം. നന്നായി പഠിക്കുന്നതോടൊപ്പം ചിത്രം വരയ്ക്കാനും സംഗീതം ആസ്വദിക്കാനും അഭിനയിക്കാനും വിവിധ കലകളെ പ്രോത്സാഹിപ്പിക്കാനുമെല്ലാം സാധിക്കണം. കുട്ടികളിലെ നാണവും ലജ്ജയും അവസാനിപ്പിച്ച് അവരെ പാടാനും പറയാനും ഇടപെടാനും ഇത്തരം യാത്രകള്‍ ഏറെ സഹായിക്കുമെന്നും കക്കാട് സ്‌കൂളിനും കുട്ടികള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങള്‍ക്കും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ആറാം ക്ലാസ് മുതല്‍ പ്രസിദ്ധീകരണങ്ങളിലേക്ക് എഴുതിത്തുടങ്ങിയ താന്‍ ഇന്ന് 80 പുസ്തകങ്ങള്‍ രചിച്ചതായും എഴുത്തിന്റെ തുടക്കവും വിവിധ സാഹിത്യകാരന്മാരും മറ്റുമായുള്ള ബന്ധങ്ങളും ഇഷ്ടങ്ങളുമെല്ലാം അദ്ദേഹം തുറന്നു പറഞ്ഞു.
ചടങ്ങില്‍ സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള നൂറു പുസ്തകങ്ങള്‍ അദ്ദേഹം പ്രധാനാധ്യാപിക ജാനീസ് ജോസഫ് ടീച്ചര്‍ക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കാരശ്ശേരി മാഷുടെ പത്നി ഖദീജ, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ബീഗം, അധ്യാപകരായ ഷാക്കിര്‍ പാലിയില്‍, അബ്ദുറഹീം നെല്ലിക്കാപറമ്പ്, സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ് കുട്ടി, ജോ. സെക്രട്ടറി പി സാദിഖലി മാസ്റ്റര്‍, മുഹമ്മദ് കക്കാട്, നൗഷാദ് വാഴയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവയ്ക്കുന്ന സ്‌കൂള്‍ ലൈബ്രറിയിലേക്ക് ജനകീയമായാണ് പുസ്തകങ്ങള്‍ സമാഹരിക്കുന്നത്. വ്യക്തികളും വിവിധ സംഘടനാ കൂട്ടായ്മകളുമെല്ലാം പുസ്തകങ്ങള്‍ ഓഫര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വായനാശേഷി വളര്‍ത്തുന്നതിനായി പുതിയതോ പഴയതോ ആയ ഒരു പുസ്തകമെങ്കിലും നല്‍കി നാട്ടിലെ ഒരോ കുടുംബവും ഈ സംരംഭവുമായി സഹകരിപ്പിക്കുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പുസ്തകം ഓഫര്‍ ചെയ്തവരെ തേടി സ്‌കൂളിലെ കുട്ടികള്‍ കലാജാഥയായി സ്‌കൂള്‍ ബസില്‍ നിശ്ചിത കേന്ദ്രങ്ങളിലെത്തി പുസ്തകം സ്വീകരിക്കുംവിധമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

കേരളത്തിലെ ഒരു സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എന്‍ഡോവ്മെന്റുകളാണ് വര്‍ഷം തോറും ഈ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നല്‍കുന്നത്. പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ വീതം അരലക്ഷം രൂപയാണ് എല്ലാ വര്‍ഷവും സ്‌കൂള്‍ വാര്‍ഷികത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ ശുചിത്വത്തിനുള്ള മികച്ച ക്ലാസിന് അയ്യായിരം രൂപയുടെ പഠനോപകരണങ്ങളും പ്രസ്തുത ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി നല്‍കിവരുന്നു. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയില്‍ ഉയരുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യ ഘട്ട പ്രവൃത്തികള്‍ 80 ശതമാനവും പൂര്‍ത്തിയായെന്നും രണ്ടാംഘട്ടത്തിന്റെ ഫണ്ടിനുള്ള ഫയല്‍ വര്‍ക്കുകള്‍ അന്തിമ ഘട്ടത്തിലാണെന്നും സംഘാടകര്‍ അറിയിച്ചു.

 

വിനയം ഇല്ലെങ്കില്‍ എന്ത് പ്രസിദ്ധിയുണ്ടായിട്ടും
കാര്യമില്ല – ഡോ.എം.എന്‍ കാരശ്ശേരി

Share

Leave a Reply

Your email address will not be published. Required fields are marked *