പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിക്കുന്നത് പ്രവാസികളോടുള്ള അനീതി: ഗുലാം ഹുസൈന്‍ കൊളക്കാടന്‍
കോഴിക്കോട്: ധൂര്‍ത്തിന്റെയും മറ്റും പേര് പറഞ്ഞ് ലോക കേരള സഭ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം പ്രവാസി സമൂഹത്തോട് കാണിക്കുന്നത് അനീതിയാണെന്ന് പ്രമുഖ പ്രവാസി നേതാവും ലോക കേരളസഭാംഗവുമായ ഗുലാം ഹുസൈന്‍ കൊളക്കാടന്‍ പീപ്പിള്‍ റിവ്യൂവിനോട് പറഞ്ഞു. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികളാണ് ലോക കേരള സഭയില്‍ സമ്മേളിക്കുന്നത്. പ്രതിപക്ഷ നേതാവിനടക്കം ലോക കേരള സഭയില്‍ പങ്കെടുത്ത് ധൂര്‍ത്തുണ്ടോ എന്നിത്യാ വിഷയങ്ങള്‍ തുറന്നു പറയാമായിരുന്നു. അത് ശ്രവിക്കാന്‍ കേരളീയ സമൂഹം തയ്യാറുമാണ്.
ലോക കേരള സഭയുടെ ഭൂരിപക്ഷം ചെലവുകള്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് മഹത്തായ ഇത്തരമൊരു സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നവരെ പിറന്ന നാട് സ്വീകരിക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലോകകേരള സഭ ലോക ചരിത്രത്തില്‍ തന്നെ ഒരു സംഭവമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനവും ലോകത്ത് ഒരു രാജ്യവും ഇത്തരം ഒരു സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ ഭാവി വളര്‍ച്ചയുടെ അടിത്തറയാണ് ലോക കേരളസഭ.
കേരളത്തെ ആഗോളതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനും പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലെത്തുന്നതില്‍ പ്രതിപക്ഷം എന്തിനാണ് തടസം നില്‍ക്കുന്നത്. ലോക കേരള സഭയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യു പത്രാധിപര്‍ പിടി നിസാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
അഭിമുഖത്തിന്റെ പൂര്‍ണ രൂപം പീപ്പിള്‍ റിവ്യുവിന്റെ യൂട്യൂബ് ചാനലില്‍.