‘ സ്‌നേഹത്തിന്റെ മനശ്ശാസ്ത്രം’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഫില്‍ക്കാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കവടിയാര്‍ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തില്‍ വെച്ച് എഴുത്തുകാരനും സീനിയര്‍ സൈക്കോളജിസ്റ്റുമായ ഡോ. സി.കെ. അനില്‍കുമാര്‍, കൗണ്‍സിലിംഗ് ഫോര്‍ മൈന്‍ഡിന്റെ (കോഴിക്കോട്) പതിമൂന്നാമത് പുസ്തകം സ്‌നേഹത്തിന്റെ മനശ്ശാസ്ത്രം പ്രകാശനം ചെയ്തു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അവാര്‍ഡ് ജേതാവായ പ്രശസ്ത സിനിമാ സംവിധായകനും കെഎഫ്ഡിസി ചെയര്‍മാനുമായ ഷാജി എന്‍ കരുണാണ് പുസ്തകം പ്രകാശനം ചെയ്തത്. നോവലിസ്റ്റും ജേര്‍ണലിസ്റ്റും സംവിധായകനുമായ സാബു ശങ്കറും എഴുത്തുകാരിയും അഭിനേത്രിയും നോവലിസ്റ്റുമായ ജസിന്താ മോറിസും കൂടി കോപ്പി ഏറ്റ് വാങ്ങി. ബോധപൂര്‍വം പ്രത്യേകം അജണ്ടകള്‍ തീരുമാനിച്ച് മനുഷ്യനെ വെറുപ്പ് കൊണ്ട് അകറ്റാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് പരിധിയില്ലാത്ത സ്‌നേഹത്തിലൂടെ മാത്രമെ സാഹോദര്യവും മൈത്രിയും ഊട്ടിയുറപ്പിക്കാന്‍ കഴിയു എന്നും ഈ പുസ്തകം ആ വഴിക്കു ദിശാബോധം നല്‍കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് എന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഡോ. സി.കെ. അനില്‍കുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഫിലിം പ്രദര്‍ശനവും നടന്നു.