സമസ്ത സ്ഥാപക ദിനാഘോഷത്തിന് കോഴിക്കോട് തുടക്കം
കോഴിക്കോട്: സമസ്ത സ്ഥാപക ദിനാഘോഷത്തിന് കോഴിക്കോട് തുടക്കം. രാവിലെ 9 മണിക്ക് സ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് നേതൃസംഗമ പരിപാടികള്‍ക്ക് തുടക്കമായത്. ആദര്‍ശ വിശുദ്ധിയോടെ ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 100-ാം വാര്‍ഷികത്തിന് തയ്യാറെടുക്കവെയാണ് 98-ാം സ്ഥാപക ദിനം വിപുലമായി ആചരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചത്.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് നടക്കുന്ന നേതൃസംഗമം പതാക ഉയര്‍ത്തലോടെയാണ് തുടക്കമായത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ. പ്രസിഡണ്ട് എം.കെ. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത വൈ. പ്രസിഡണ്ട് എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേതൃസംഗമത്തിന് അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.