പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചുകൊണ്ട് കടമനിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു:സ്പീക്കറോട് രാഹുല്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചുകൊണ്ട് സ്പീക്കര്‍ കടമ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. സ്പീക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിക്കൊപ്പം രാഹുല്‍ ഓം ബിര്‍ളയെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇരിപ്പടത്തിലേക്ക് ആനയിച്ചു.
തുടര്‍ന്ന് സ്പീക്കറെ അഭിനന്ദിച്ച രാഹുല്‍ കടമകള്‍ നിര്‍വഹിക്കുന്നതിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. ‘രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടതില്‍ താങ്കളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ പ്രതിപക്ഷത്തിനും വേണ്ടി, ഇന്ത്യ സഖ്യത്തിന് വേണ്ടി നിങ്ങളെ അഭിനന്ദിക്കുന്നു. സ്പീക്കര്‍ സര്‍, ഈ സഭ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെയാണ്. ആ ശബ്ദങ്ങളുടെ അന്തിമ വിധികര്‍ത്താവ് നിങ്ങളാണ്. തീര്‍ച്ചയായും സര്‍ക്കാരിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാല്‍ പ്രതിപക്ഷവും ഇന്ത്യന്‍ ജനതയുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നുണ്ട്. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്’, രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കി നിങ്ങള്‍ക്ക് സഭ കാര്യക്ഷമമായി നടത്താമെന്ന ആശയം ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയും ആശയങ്ങളും പ്രതിപക്ഷം സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ തങ്ങളെ അനുവദിച്ചുകൊണ്ട്, ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള നിങ്ങളുടെ കടമ നിങ്ങള്‍ നിര്‍വഹിക്കുമെന്ന് കരുതുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.