ജില്ലാ കമ്മിറ്റികളില്‍ ഒരേ സ്വരം ഉയരുന്നു; വിമര്‍ശനങ്ങളെല്ലാം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളില്‍ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളില്‍ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയില്‍ തുടങ്ങി കുടുംബം ഉള്‍പ്പെട്ട വിവാദങ്ങളില്‍ വരെ വിമര്‍ശനം ഉയര്‍ന്നിട്ടും കാര്യമായ പ്രതിരോധങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനുമില്ല പാര്‍ട്ടിയുടെ താഴെ തട്ടില്‍ സ്വീകാര്യത.
വിഎസ്-പിണറായി തര്‍ക്കം കൊടുമ്പിരി കൊണ്ട സമയത്ത് പോലും ഇത് പോലൊരു വിമര്‍ശന കാലം സിപിഎമ്മിനകത്ത് ഉണ്ടായിട്ടില്ല. തുടര്‍ ഭരണം കൂടി കിട്ടിയ ശേഷം പാര്‍ട്ടിക്കും സര്‍ക്കാരിനും മുഖ്യമന്ത്രി അടിവരയിടുന്നതായിരുന്നു പതിവ്. സംസ്ഥാന നേതൃയോഗങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ പോലും നടക്കാറില്ല, സംസ്ഥാന പാര്‍ട്ടിയില്‍ കേന്ദ്ര നേതൃത്വം ഇടപെടാറുമില്ല. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കാര്യങ്ങളെല്ലാം മാറുകയാണ്. മൈക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും മകളുള്‍പ്പെട്ട വിവാദം കൈകാര്യം ചെയ്ത രീതിയുമെല്ലാം കടുത്ത വിമര്‍ശനത്തിന് വിധേയമാകുകയാണ്. സംസ്ഥാന സമിതിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളില്‍ ഉയരുന്ന രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാന നേതൃനിരക്കും ഉത്തരം മുട്ടുന്നു. തട്ടകമായ കണ്ണൂരില്‍ നിന്ന് അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു.
പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് പോലും ചോര്‍ന്നതില്‍ പ്രധാന കാരണം ഭരണവിരുദ്ധ വികാരമാണെന്ന് പൊതു വിലയിരുത്തലാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉയരുന്നത്. 28ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെയും ഉയര്‍ന്നേക്കും. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ ഇ പിക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്കം നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.