‘ഓള്‍ ഇന്‍ വണ്‍’ എല്ലാ ഉപകരണങ്ങള്‍ക്കും ഇനി ഒരു ചാര്‍ജര്‍ മതിയാകും? നടപ്പിലാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന നയം നടപ്പിലാക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം മുതലാകും(2025) ഈ നയം നടപ്പിലാക്കുക. നേരത്തെ യൂറോപ്യന്‍ യൂണിയനും സമാന നയം നടപ്പിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍, തങ്ങളുടെ ലൈറ്റ്‌നിങ് കേബിള്‍ മാറ്റി ടൈപ് സി പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 2022ലാണ് യൂറോപ്യന്‍ യൂണിയന്‍ ഒരേ ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കിയത്. ആ വര്‍ഷം അവസാനത്തോടെ നിയമം പ്രാബല്യത്തിലായി. ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഒരു കേബിള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുകയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്. ലാപ്ടോപ്പ് നിര്‍മാതാക്കള്‍ക്കും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. സ്മാര്‍ട് വാച്ചുകള്‍, ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശം ബാധകമാവില്ല. ഇലക്ട്രിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ഉപകരണം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു ഇത്. ഒരേ മോഡല്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ നയം നിലവില്‍ വരുന്നതോടെ ഉപഭോക്താവ് തന്റെ സ്മാര്‍ട്ഫോണിനും, ലാപ്ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്‍ക്കുമായി ഒരു ചാര്‍ജര്‍ മാത്രം കയ്യില്‍ കരുതിയാല്‍ മതിയാവും.