കോഴിക്കോട്: ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഐബിഎം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബിലെ സീനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് മെമ്പര്‍ ശ്രിനിവാസന്‍ മുത്തുസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മിന്റെ സഹകരണത്തോടെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ കെഎസ്‌ഐഡിസി, ഐബിഎം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ടെക് ടോക് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് പുതിയ സാങ്കേതികവിദ്യ എന്നൊക്കെ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ ചില തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശ്രീനിവാസന്‍ മുത്തുസ്വാമി ചൂണ്ടിക്കാട്ടി. പക്ഷെ രാജ്യത്ത് തൊഴിലുകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ. വിവിധ മേഖലയില്‍ വലിയ സാധ്യതകളാണ് ജെന്‍ എഐ തുറന്നിടുന്നത്. അതുപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പണം കൈമാറ്റത്തിന് ഇന്ത്യ വികസിപ്പിച്ചെടുത്ത യുപിഐ ലോകത്തെ തന്നെ ഏറ്റവും വലിയ ടെക്‌നോളജി വിപ്ലവമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ നിര്‍മ്മാതാക്കള്‍ തന്നെ അതിന്റെ ഉപഭോക്താക്കളാകുന്ന അപൂര്‍വ കാഴ്ചയാണ് ഇവിടെ കാണുന്നത്. സാങ്കേതികവിദ്യയില്‍ ഇന്ത്യയിലെ സമൂഹപങ്കാളിത്തം വാണിജ്യഉത്പന്നങ്ങളെക്കാള്‍ അധികമാണെന്നതാണ് വസ്തുത. അതിനാല്‍ തന്നെ ജെന്‍ എഐയുടെ കടന്നു വരവ് രാജ്യത്തിന് വലിയ സാധ്യതകള്‍ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജെന്‍ എഐ യുടെ സാധ്യതകള്‍ പോലെ തന്നെ അതിന്റെ രൂപീകരണത്തിലെ വെല്ലുവിളികള്‍ ഏറെയാണ്. വിശ്വാസ്യതയാണ് ജെന്‍ എഐ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഡാറ്റ ലഭിക്കുന്ന ഉറവിടം ഏറെ പ്രധാനമാണ്. ചെറിയ പിഴവ് പോലും വലിയ തോതില്‍ ദുരുപയോഗപ്പെടാനുള്ള സാധ്യതകള്‍ ഇതിലുണ്ട്. പ്രത്യേകിച്ചും ഓഹരി വിപണി പോലുള്ള മേഖലകളില്‍ ഇ്ന്ന് ജെന്‍എഐയുടെ കടന്നുകയറ്റം നടക്കുകയാണ്.
ഇന്റഗ്രേഷന്‍ ആന്‍ഡ് സ്‌കെയിലിംഗ് വെല്ലുവിളി, എഐ ഗവേണന്‍സ്, ഡാറ്റയിലെ സങ്കീര്‍ണത, ഉയര്‍ന്ന ചെലവ്, എഐ മേഖലയിലെ നൈപുണ്യശേഷിക്കുറവ്, എഐ മോഡല്‍ ടൂളുകളുടെ അഭാവം എന്നിവ ജെന്‍ എഐയുടെ പ്രതിസന്ധികളാണ്. ഡാറ്റയിലെ തുറന്ന സമീപനം, പ്രത്യേക വിഭാഗത്തിനെ ലക്ഷ്യം വച്ചുള്ള മാതൃകകള്‍, വിശ്വസനീയമായ മാതൃകകള്‍, സമൂഹത്തെ ശാക്തീകരിക്കുന്ന മാതൃകകള്‍ എന്നിവയാണ് ജെന്‍ എഐ യിലൂടെ ഉപയോഗപ്പെടുത്തേണ്ടത്.
തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും ടെക് ടോക് പരമ്പര നേരത്തെ സംഘടിപ്പിച്ചിരുന്നു.
കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്‌നോളജി പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും.
ജനറേറ്റീവ് എഐയുടെ ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരിക്കും ഈ സമ്മേളനം. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും: https://www.ibm.com/in-en/events/gen-ai-conclave
ജെനറേറ്റീവ് എഐ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക അസ്ഥാനത്ത്: ശ്രിനിവാസന്‍ മുത്തുസ്വാമി