തിരോധാനത്തിന്റെ 74 വര്‍ഷങ്ങള്‍

തിരോധാനത്തിന്റെ 74 വര്‍ഷങ്ങള്‍

തിരോധാനങ്ങള്‍ എപ്പോഴും നിഗൂഢമാണ്. ഉത്തരങ്ങള്‍ പൂര്‍ണതയിലെത്താത്ത, ചോദ്യങ്ങളും സംശയങ്ങളും മാത്രം ബാക്കിയാകുന്ന ഓരോ തിരോധാനത്തിലും പക്ഷേ, കാത്തിരിപ്പും പ്രതീക്ഷയും ഒരിക്കല്‍പോലും അസ്തമിക്കാറില്ല. കരയില്‍ മാത്രമല്ല, കരകാണാ കടലിലും അനന്തതയുടെ ആകാശത്തും തിരോധാനങ്ങള്‍ സംഭവിക്കാറുണ്ട്. അവ അതി നിഗൂഢമാണ്. അത്തരത്തില്‍ 74 വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന ഒരു അതി നിഗൂഢമായ കഥയാണ് നോര്‍ത്ത് വെസ്റ്റ് ഓറിയന്റ് ഫ്ളൈറ്റ് 2501ന്റേത്.

വര്‍ഷം 1950 ജൂണ്‍ 23. അതൊരു വെള്ളിയാഴ്ചയായിരുന്നു. നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ DC4 വിമാനം ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്ന് കൃത്യം രാത്രി 8:30ന് തന്നെ ടേക്ക്ഓഫ് ചെയ്തു. വാഷിംഗ്ടണിലെ സിയാറ്റിലായിരുന്നു ഡെസ്റ്റിനേഷന്‍. ഇതിനിടയില്‍ മിനിസോട്ടയിലെ മിനിയാപൊളിസില്‍ ഫസ്റ്റ് സ്റ്റോപ് ഓവര്‍ നടത്തും. 35കാരനായ ക്യാപ്റ്റന്‍ റോബര്‍ട്ട് സി ലിന്‍ഡായിരുന്നു പൈലറ്റ് ഇന്‍ കമാന്‍ഡ്. വെര്‍ണ് എഫ്. വോള്‍ഫ് ഫസ്റ്റ് ഓഫീസറായും ബോണി ആന്‍ ഫെല്‍ഡ്മാന്‍ ഫ്ളൈറ്റ് അന്‍ഡന്റായും വിമാനത്തില്‍ ഉണ്ടായിരുന്നു. 27 സ്ത്രീകളും 22 പുരുഷന്മാരും ആറ് കുട്ടികളും ഉള്‍പ്പെടെ 55 യാത്രക്കാരുമായാണ് വിമാനം യാത്ര തുടങ്ങിയത്. ടേക്ക് ഓഫിന് മുമ്പ്, മിഷിഗണ്‍ തടാകത്തിന് മുകളില്‍ ഇടിമിന്നലുണ്ടാകുമെന്ന് ക്യാപ്റ്റന്‍ ലിന്‍ഡിന് മുന്നറിയിപ്പ് കിട്ടിയിരുന്നു.

ബെന്‍ടണ്‍ ഹാര്‍ബറിനും സൗത്ത് ഹേവനിനും ഇടയിലൂടെ സൗത്ത് വെസ്റ്റ് മിഷിഗണ്‍ മറികടന്ന് വിമാനം മിഷിഗണ്‍ തടാകത്തിന് മുകളിലെത്തി. സമയം രാത്രി 12.13. ക്യാപ്റ്റന്‍ ലിന്‍ഡ് 3,500 അടി ഉയരത്തിലുള്ള വിമാനം 2,500 അടിയിലേക്ക് താഴ്ത്താന്‍ അധികൃതരോട് അനുവാദം ചോദിച്ചു. ഫ്ളൈറ്റ് 2501ല്‍ നിന്നുള്ള അവസാനത്തെ ആശയവിനിമയമായിരുന്നു അത്. എന്നാല്‍ താഴ്ത്തി പറക്കാനുള്ള കാരണം വ്യക്തമാകാത്തതിനാലും താഴെ കൂടുതല്‍ ട്രാഫിക്ക് ഉള്ളതിനാലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നിഷേധിച്ചു.

ജൂണ്‍ 24ന് പുലര്‍ച്ചെ ഫ്ളൈറ്റ് 2501 തകര്‍ന്നതായുള്ള വാര്‍ത്ത പരന്നു. കോസ്റ്റ് ഗാര്‍ഡ് ആദ്യം സൗത്ത് ഹേവനില്‍ രക്ഷാപ്രവര്‍ത്തനിറങ്ങിയെങ്കിലും ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് തടാകത്തില്‍ പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ജീവനക്കാര്‍ ശ്രമം ആരംഭിച്ചു. അഞ്ച് ദിവസത്തിന് ശേഷവും വിമാനം തകര്‍ന്ന സ്ഥലം കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ തിരച്ചില്‍ അവസാനിച്ചു. 58പേര്‍ കൊല്ലപ്പെട്ടതോടെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമായി അന്നിത് മാറി.

ഇതിനിടെ വിമാനം തകര്‍ന്നുവീഴുന്നത് നേരില്‍ കണ്ടുവെന്ന് പറഞ്ഞ് ഒരു വ്യക്തി മുന്നോട്ടു വരികയും ആ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ശക്തമായ കൊടുങ്കാറ്റില്‍ പെട്ടതാകാം വിമാനം കൂപ്പുകുത്താന്‍ കാരണമെന്നാണ് ഭൂരിഭാഗം പേരും എത്തിച്ചേര്‍ന്ന നിഗമനം.

അരനൂറ്റാണ്ടിന് ശേഷം 2003-ല്‍ മിഷിഗണ്‍ ഷിപ്പ് റെക്ക് റിസര്‍ച്ച് അസോസിയേഷന്‍ എംഎസ്ആര്‍എ കോഫൗണ്ടര്‍ വലേരി വാന്‍ ഹീസ്റ്റ്, ഫ്ളൈറ്റ് 2501ന്റെ ദുരൂഹതകള്‍ നീക്കാനുള്ള ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.
തുടക്കത്തില്‍ വിമാനത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചത് സിവില്‍ എയറോനോട്ടിക്സിന്റെ നാല് പേജ് മാത്രമുള്ള ഒരു റിപ്പോര്‍ട്ടില്‍ നിന്നാണ്. വിമാനം, വിമാനത്തിന്റെ ഓപ്പറേറ്റര്‍മാരും ക്രൂവും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാത്രമായിരുന്നു ഇതിലുണ്ടായിരുന്നത്. തുടര്‍ന്ന് അപകടത്തെ സംബന്ധിച്ച് മുമ്പ് പരിഗണിക്കാത്ത പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ വാന്‍ ഹീസ്റ്റ് ശ്രമം നടത്തി.

2004ല്‍, മിഷിഗണ്‍ ഷിപ്പ് റെക്ക് റിസര്‍ച്ച് അസോസിയേഷനുമായി നോവലിസ്റ്റും പര്യവേക്ഷകനുമായ ക്ലൈവ് കസ്ലര്‍ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നാഷണല്‍ അണ്ടര്‍വാട്ടര്‍ മറൈന്‍ ഏജന്‍സി എന്‍യുഎംഎയുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നടത്തിയ തിരച്ചിലില്‍ വിമാനം കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും നഷ്ടപ്പെട്ട നിരവധി ഡസന്‍ കപ്പലുകള്‍ കണ്ടെത്തി.
സംയുക്ത ടീമിന്റെ തിരച്ചില്‍ ശ്രമത്തെ കുറിച്ചറിഞ്ഞ് വിമാനപകടത്തില്‍പ്പെട്ട ഇരയുടെ ഒരു കുടുംബം വാന്‍ ഹീസ്റ്റിനെ 2006ല്‍ ബന്ധപ്പെടുകയും ആ കൂടിക്കാഴ്ച ഇരകളുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള കൂടുതല്‍ വ്യക്തിപരമായ ദൗത്യത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു.

തുടര്‍ന്ന് അന്ന് ആ വിമാനത്തിലുണ്ടായിരുന്ന 58 പേരില്‍ 52പേരുടെ കുടുംബങ്ങളെ അവര്‍ കണ്ടെത്തുകയും ഓരോ യാത്രക്കാരനെ കുറിച്ചും അവരുടെ നഷ്ടങ്ങള്‍ കുടുംബങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് മനസ്സിലാക്കുകയും ചെയ്തു. ഈ വൈകാരിക കഥകള്‍ വാന്‍ ഹീസ്റ്റിന് ഒരു പുസ്തകം എഴുതാന്‍ പ്രേരണയാവുകയും ചെയ്തു.

2008 സെപ്റ്റംബറില്‍ യാത്രക്കാരില്‍ ചിലരുടെ അവശിഷ്ടങ്ങള്‍ അടങ്ങുന്ന ഒരു അടയാളപ്പെടുത്താത്ത ശവക്കുഴി കണ്ടെത്തിയെന്നും മനുഷ്യാവശിഷ്ടങ്ങള്‍ കൂട്ടക്കുഴിമാടത്തില്‍ സംസ്‌കരിച്ചുവെന്നും ഫാറ്റല്‍ ക്രോസിംഗ് എന്ന പുസ്തകത്തില്‍ വാന്‍ ഹീസ്റ്റ് പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അറിയാതെയാണ് ഇത് നടന്നതെന്നും അവര്‍ അവകാശപ്പെടുന്നു. 2004 മുതല്‍ 2013 വരെ, എംഎസ്ആര്‍എ-എന്‍യുഎംഎ ടീം മിഷിഗണ്‍ തടകാത്തിന്റെ ഏകദേശം 450 ചതുരശ്ര മൈല്‍ ചുറ്റിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം കണ്ടെത്താനായില്ല. 74 വര്‍ഷങ്ങള്‍ക്കിപ്പുറവും നിഗൂഢതയുടെ ചുരുളഴിക്കാന്‍ കഴിയാത്ത ഒരു ആകാശ യാത്രയുടെ അവശേഷിപ്പായി തുടരുകയാണ് ഫ്ളൈറ്റ് 2501.

Share

Leave a Reply

Your email address will not be published. Required fields are marked *