മഴയൊഴിഞ്ഞ ‘മണ്‍സൂണ്‍’; ഓഗസ്റ്റില്‍ ലാ നിന രൂപപ്പെടും
ന്യൂഡല്‍ഹി: ജൂണില്‍ രാജ്യത്ത് 20 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ 18 വരെയുള്ള കാലയളവില്‍ 64.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 80.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ജൂണ്‍ പകുതി പിന്നിട്ടിട്ടും മണ്‍സൂണിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.
ജൂണ്‍ 1 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 10.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 70 ശതമാനം കുറവാണിത്. മധ്യ ഇന്ത്യയില്‍ 50.5 മില്ലി മീറ്ററും ( 31 ശതമാനം കുറവ്), തെക്കന്‍ മേഖലയില്‍ 106.6 മില്ലിമീറ്ററും ( 16 ശതമാനം കുറവ്), കിഴക്ക്-വടക്കുകിഴക്കന്‍ മേഖലയില്‍ 146.7 മില്ലി മീറ്ററും ( 15 ശതമാനം കുറവ്) മഴയാണ് ലഭിച്ചത്.
എന്നാല്‍ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 19 നാണ് നിക്കോബാര്‍ ദ്വീപുകളുടെ ഭാഗങ്ങളിലേക്കെത്തിയത്.
ഇത് മെയ് 26-ഓടെ റെമല്‍ ചുഴലിക്കാറ്റിനൊപ്പം രാജ്യത്തിന്റെ ദക്ഷിണമേഖലയിലേക്കും മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും വ്യാപിച്ചു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ ആറു ദിവസം മുമ്പ്, മെയ് 30-ന് കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തി. ജൂണ്‍ 12-ഓടെ, മണ്‍സൂണ്‍ കേരളം, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഴുവനായി വ്യാപിച്ചു.
ദക്ഷിണ മഹാരാഷ്ട്ര, ഛത്തീസ്ഗഢിന്റെയും ഒഡീഷയുടെയും തെക്കന്‍ മേഖലകള്‍, പശ്ചിമ ബംഗാള്‍, സിക്കിം, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മണ്‍സൂണെത്തി. എന്നാല്‍ അതിനുശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് 92 ശതമാനം മഴയുടെ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
ഈ സീസണില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാല്‍ എല്‍നിനോ പ്രതിഭാസം തുടരുന്നതാണ് മഴക്കുറവിന് കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ ചൂട് ഇന്ത്യയിലെ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തുന്നു. അതേസമയം ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ ലാ നിന രൂപപ്പെടുമെന്നും ഇതേത്തുടര്‍ന്ന് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.