മാഗിക്ക് ഇന്ത്യയില്‍ ലഭിക്കുന്നത് വലിയ സ്വീകാര്യത; കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 600 കോടി
ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ തന്നെ മറ്റൊരു പ്രധാന ഉല്‍പ്പന്നമായ കിറ്റ് കാറ്റിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചോക്ലേറ്റ് വാഫര്‍ ബ്രാന്‍ഡ് ആണ് കിറ്റ് കാറ്റ്.
നവീകരണം, വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കല്‍ അടക്കമുള്ള ഘടകങ്ങളാണ് രണ്ടക്ക വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് നെസ്ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്നും 2023-2024 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ 600 കോടി മാഗി പാക്കറ്റ് ആണ് വിറ്റത്. മാഗിയുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയാണ് ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റിയതെന്നും കമ്പനി അറിയിച്ചു.
മാഗി എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് നെസ്ലെ ഓട്ട്സ് മാഗി, കൊറിയന്‍ ന്യൂഡില്‍സ്, കൂടാതെ വിവിധ മസാല ന്യൂഡില്‍സുകള്‍ എന്നിവ വിപണിയില്‍ അവതരിപ്പിച്ചത്. പത്തുരൂപയ്ക്കാണ് ഒരു പാക്കറ്റ് വില്‍ക്കുന്നത്. ഇക്കാലയളവില്‍ 420 കോടി കിറ്റ് കാറ്റ് ആണ് വിറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റ് കാറ്റ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയതാണ് വളര്‍ച്ചയ്ക്ക് സഹായിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡ് ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ മാഗി നിരോധിച്ചിരുന്നു. അഞ്ചുമാസത്തിന് ശേഷം വീണ്ടും വിപണിയില്‍ എത്തിയ മാഗിയുടെ ഡിമാന്റ് വര്‍ധിക്കുകയായിരുന്നു. പ്രതിസന്ധിക്ക് മുന്‍പ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് വില്‍പ്പന രംഗത്ത് നെസ്ലെയ്ക്ക് 70 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. ഇപ്പോള്‍ മത്സരം കടുത്തതോടെ ആ നിലയിലേക്ക് തിരിച്ചുവരാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.