സംസ്ഥാനത്ത് ‘കോളനി’ എന്ന പദം സര്‍ക്കാര്‍ രേഖകളില്‍ നിന്ന് ഒഴിവാക്കും
തിരുവനന്തപുരം: കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. കോളനി എന്ന് ഉപയോഗിക്കുന്നതില്‍ പലര്‍ക്കും അപകര്‍ഷതാബോധം ഉണ്ട്. അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണിത്. എല്ലാ കോളനികളുടെയും പേര് മാറ്റണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. നിലവില്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന കോളനി പദങ്ങള്‍ ഒഴിവാക്കും. അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും ഇന്ന് രാജിവെക്കും. വൈകീട്ട് ക്ലിഫ് ഹൗസിലെത്തിയാണ് രാജി സമര്‍പ്പിക്കുക. ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. പൂര്‍ണ സംതൃപ്തനായാണ് മടക്കമെന്നും കഴിയുന്നതൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.