കോഴിക്കോട്: കല്ലായി പുഴ നവീകരണ പദ്ധതി അനന്തമായി നീളുന്നതിനെതിരെ യുഡിഎഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ പ്രക്ഷോഭം നടത്തി. രണ്ട് പതിറ്റാണ്ട് കാലമായി പദ്ധതി നടപ്പാക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷന്‍ ഭരണകൂടവും കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി അവര്‍ കുറ്റപ്പെടുത്തി. പ്രക്ഷോഭത്തിന് തുടക്കമായി യുഡിഎഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കല്ലായില്‍ ധര്‍ണ്ണ നടത്തി. പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനു മുമ്പില്‍ സത്യാഗ്രഹം നടത്തുമെന്ന് കോര്‍പ്പറേഷന്‍ യുഡിഎഫ് പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിത വ്യക്തമാക്കി. കല്ലായി പുഴ നവീകരണ പദ്ധതി ഉള്‍പ്പെടെ സര്‍ക്കാര്‍ അനുമതി തേടിയ നിരവധി വികസന പദ്ധതികള്‍ അനുമതി നല്‍കുന്നില്ല. ഈ കാര്യത്തിലും കോര്‍പ്പറേഷന്റെ അനാസ്ഥയ്‌ക്കെതിരെയുമായി കൗണ്‍സിലര്‍മാര്‍ നടത്തുന്ന പ്രക്ഷോഭം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ ആക്ടീങ് പ്രസിഡണ്ട് കെ എ കാദര്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. അഴിമതിയും കെടു കാര്യസ്ഥതയും മുഖമുദ്രയാക്കിയ കോര്‍പ്പറേഷന്‍ ഭരണകുടം ദൈനംദിന പ്രവര്‍ത്തനത്തില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള കൗണ്‍സിലിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ നഗരമാകെ വികസനം മുരടിപ്പാണെന്ന് കാദര്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചീഫ് വി പ്പ് എസ് കെ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. പി സക്കീര്‍,കെ വി കൃഷ്ണന്‍,ചാലില്‍ മൊയ്തീന്‍ കോയ, പി പി രമീസ്, കെ മുഹമ്മദലി, എ വി അര്‍ഷുല്‍ അഹമ്മദ്,മനോളി ഹാഷിം കോയമോന്‍ പുതിയപാലം പ്രസംഗിച്ചു.എം സി സുധാമണി നന്ദി പറഞ്ഞു.കെ മൊയ്തീന്‍ കോയ, കെ നിര്‍മല, ആയിഷ ബീപാണ്ടികശാല,ഡോക്ടര്‍ പി എന്‍ അജിത,കെ പി രാജേഷ് കുമാര്‍,എന്‍ പി സൗഫിയ, കവിത അരുണ്‍, അല്‍ഫോണ്‍സ ടീച്ചര്‍, കെ റംലത്ത്, മനോഹരന്‍ മാങ്ങാറില്‍, സാഹിദ സുലൈമാന്‍, ഓമന മധു നേതൃത്വം നല്‍കി.