തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഐക്കും കേരളാ കോണ്‍ഗ്രസി(എം)നും വീതം വെച്ചതിനെ നിശിതമായി എതിര്‍ത്ത് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍. ഇന്നു നടന്ന പത്രസമ്മേളനത്തിലാണ് തന്റെ എതിര്‍പ്പ് പ്രകടമാക്കിയത്.രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ തങ്ങള്‍ക്കു മന്ത്രിസ്ഥാനം വേണമെന്ന് ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനൊപ്പം ജെഡിഎസിനു മന്ത്രിസഭയിലും മുന്നണിയിലും നല്‍കുന്ന പരിഗണന സംബന്ധിച്ച് ശ്രേയാംസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒരേസമയം സിപിഎമ്മിനും ജെഡിഎസിനും തലവേദനയാകും. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമായിട്ടുള്ള ജെഡിഎസിന് എന്തിനാണ് കേരളത്തില്‍ ഇടതു സര്‍ക്കാരില്‍ പ്രാമുഖ്യം നല്‍കുന്നതെന്നാണു ശ്രേയാംസ് കുമാര്‍ ചോദിച്ചത്.
കേന്ദ്രത്തില്‍ ജെഡിഎസിന് പോലും മന്ത്രിസ്ഥാനം നല്‍കിയിട്ടും ഇവിടെ തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനതാദള്‍-എസ് (ജെഡിഎസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി മോദി മന്ത്രിസഭയില്‍ അംഗമായതോടെ ആ പാര്‍ട്ടിയുടെ കേരളഘടകം എല്‍ഡിഎഫില്‍ തുടരുന്നതിലെ വൈരുധ്യം വീണ്ടും ചര്‍ച്ചയിലേക്കു കൊണ്ടുവന്നിരിക്കുകയാണ് എം.വി.ശ്രേയാംസ് കുമാര്‍. ഒരേസമയം നരേന്ദ്ര മോദി മന്ത്രിസഭയിലും പിണറായി വിജയന്‍ മന്ത്രിസഭയിലും ഒരു പാര്‍ട്ടി തുടരുന്നത് ജെഡിഎസിനെ മാത്രമല്ല സിപിഎമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
ഗൗഡാ ബന്ധം വിഛേദിച്ചുവെന്നാണു കേരള നേതൃത്വം പറയുന്നതെങ്കിലും സാങ്കേതികമായി ഇപ്പോഴും ദേവെഗൗഡ അധ്യക്ഷനായ പാര്‍ട്ടിയുടെ കേരളഘടകം തന്നെയാണ് ഇവിടെയുള്ളത്. ദേവെഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ കേസുകളില്‍ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കള്‍ക്കു തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
രാജ്യസഭാ സീറ്റ് വിഭജനം സിപിഎമ്മിനെ
വെട്ടിലാക്കി എം.വി.ശ്രേയാംസ്‌കുമാര്‍