യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ പോകുന്നവര്‍ക്ക് യാത്ര കര്‍ശനമാക്കിയിരിക്കുകയാണ് യുഎഇ വിമാനക്കമ്പനികള്‍. കൃത്യമായ രേഖകളില്ലാത്ത പല യാത്രക്കാരെയും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും തിരിച്ചയക്കുന്നതും വാര്‍ത്തകളാകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്
ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകളും ആവശ്യമായ പണവുമില്ലാതെ സന്ദര്‍ശക-ടൂറിസ്റ്റ് വിസയിലെത്തുന്നവരെ തിരിച്ചയക്കുമെന്നാണ് വിമാനക്കമ്പനികള്‍ ഏജന്റുമാര്‍ക്കും-യാത്രക്കാര്‍ക്കും രേഖാമൂലം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
കൃത്യമായ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പരിശോധനയില്‍ ഹാജരാക്കണം. പാസ്പോര്‍ട്ടിന്റെ കാലാവധി പ്രധാനമാണ്. യാത്രാ തിയ്യതിയില്‍ നിന്നും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി പാസ്പോര്‍ട്ടിന് ഉണ്ടായിരിക്കണം.
സന്ദര്‍ശനലക്ഷ്യം കൃത്യമായി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതരെ അറിയിക്കണം. താമസിക്കുന്ന സ്ഥലത്തിന്റെഹോട്ടലിന്റെ കൃത്യമായ വിവരം, മടക്കയാത്രയുടെ ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
ബന്ധുവിനൊപ്പമോ സുഹൃത്തിനൊപ്പമോ ആണ് താമസമെങ്കില്‍ അവരുടെ എമിറേറ്റ്സ് ഐ.ഡി., താമസരേഖ എന്നിവയുടെ വിവരങ്ങള്‍ കരുതുക. ബന്ധുവിനെയോ സുഹൃത്തിനെയോ കാണാനാണ് വരുന്നതെങ്കില്‍ ഇവരുടെ വിസ, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും യു.എ.ഇ.യിലെ കൃത്യമായ വിലാസം, ഫോണ്‍നമ്പര്‍ എന്നിവയും കരുതണം.
യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് യാത്രാ കാലയളവില്‍ ചിലവഴിക്കാനുള്ള നിശ്ചിത തുക ഉണ്ടായിരിക്കണം. ഒരു മാസത്തെ വിസയില്‍ എത്തുന്നവര്‍ 3000 ദിര്‍ഹവും ഒന്നിലേറെ മാസത്തേക്കു എത്തുന്നവര്‍ 5000 ദിര്‍ഹവും കൈവശമുണ്ടായിരിക്കണം.
ഇമിഗ്രേഷന്‍ അധികൃതര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം. ആവശ്യപ്പെടുന്ന എല്ലാ യാത്രാരേഖകളും കാണിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ സാധിക്കൂ.
യുഎഇ സന്ദര്‍ശക വിസ; നിയമങ്ങള്‍ കര്‍ശനം