ന്യൂഡല്‍ഹി:പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എന്‍ഡിഎ സഖ്യം നരേന്ദ്ര മോദിയെ തിരഞ്ഞെടുത്ത യോഗത്തില്‍ എന്‍ഡിഎയുടെ ഐക്യത്തെ പുകഴ്ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മുതിര്‍ന്ന ബിജെപി നേതാവ് രാജ്നാഥ് സിങ് ആണ് മോദിയുടെ പേര് സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നിര്‍ദേശിച്ചത്. മറ്റ് അംഗങ്ങള്‍ ഇത് ഐക്യകണ്ഠേന അംഗീകരിച്ചു.
വികസിത ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, മുന്നണിയിലെ പാര്‍ട്ടികളെ പിണക്കിയാല്‍ നിലനില്‍പ്പില്ലെന്ന് മനസിലാക്കിയാണ് മോദിയുടെ പുതിയ പ്രസംഗം.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എന്‍ഡിഎ യോഗത്തിലും രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും ‘ഇത് മോദിയുടെ വിജയം’ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സഖ്യത്തിന്റേത് ഉലയാത്ത ബന്ധമാണെന്നും അതിന്റെ വിജയമാണ് നേടിയതെന്നുമാണ് മോദി ഇന്നത്തെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്.
എന്‍ഡിഎയുടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി എടുക്കണമെന്നും മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്യുന്നത്. അധികാരത്തിന്റെ പ്രതീകമായി ചെങ്കോല്‍ പ്രതിഷ്ഠിച്ച മോദി, രാജ്യത്തിന്റെ ഭരണഘടനയെ തൊട്ടുവണങ്ങിയതിന് ശേഷമാണ് യോഗം ആരംഭിച്ചത്. 2014-ലും എന്‍ഡിഎ യോഗത്തിന് തൊട്ടുമുന്‍പ് അദ്ദേഹം ഭരണഘടനയെ വണങ്ങിയിരുന്നു.എന്നാല്‍ ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന ഭയം ജനങ്ങളില്‍ ഉണ്ടായത് തിരിച്ചടിയായെന്നും മാത്രവുമല്ല, ഭരണഘടന ഉയര്‍ത്തിയുള്ള രാഹുല്‍ഗാന്ധിയുടെ പ്രചാരണവും വിലയിരുത്തപ്പെട്ടു. ഇതേത്തുടര്‍ന്നാണ്, ഭരണഘടനയെ വണങ്ങിയുള്ള മോദിയുടെ പുതിയ നീക്കം.
ദക്ഷിണേന്ത്യയില്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടായി എന്നുപറഞ്ഞ മോദി, കേരളത്തില്‍ നിന്ന് ബിജെപിക്ക് ആദ്യമായി എംപിയെ കിട്ടിയെന്നും പറഞ്ഞു.