കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂര്‍(മാമി)ന്റെ തിരോധാനം നടന്നിട്ട് 10 മാസം പിന്നിടാറായിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും മാമി തിരോധാന ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിസിടിവികളുള്ള ഭാഗത്ത് വെച്ചാണ് മാമിയെ കാണാതാവുന്നത്. പോലീസ് അന്വേഷണം ഫലപ്രദമല്ലാത്തതിനാലാണ് മാമിയെ കണ്ടെത്താന്‍ കഴിയാത്തതെന്നവര്‍ ആരോപിച്ചു. മാമിയുടെ തിരോധാനമുണ്ടായ ആദ്യ ദിവസങ്ങളില്‍ തന്നെ കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സന്തതസഹചാരികളെക്കുറിച്ചും അന്വേഷിക്കണം. കേസിന്റെ സുപ്രധാനമായ തെളിവുകള്‍ നശിപ്പിക്കാനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തിയത്. ഇത്തരക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന ഗുണ്ടാവിളയാട്ടങ്ങളെയും അത്തരക്കാരെയും അമര്‍ച്ച ചെയ്യാനും നടപടിയുണ്ടാവണം. മാമിയെ കണ്ടെത്താന്‍ പൊലീസ് അമാന്തം കാണിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ ഇക്ബാല്‍ മാര്‍ക്കോണി, കെ.എം.ബഷീര്‍, മാമിയുടെ ഭാര്യ റംലത്ത്, ടി.പി.എം.ഹാഷിര്‍ അലി, മാമിയുടെ മകള്‍ അധീബ നൈന പങ്കെടുത്തു.