ന്യൂഡല്‍ഹി: ഇ.വി.എം അട്ടിമറിക്കെതിരെ രാജ്യം ജാഗ്രത പുലര്‍ത്തിയെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് രാജീവ് ജോസഫ് പറഞ്ഞു. 2019ല്‍ ഇവിഎം അട്ടിമറിച്ചാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. 2024 -ല്‍ വലിയ അട്ടിമറികള്‍ നടത്തുവാന്‍ സാധിച്ചില്ല. ഇ.വി.എം അട്ടിമറിക്കെതിരെ രാജ്യം മുഴുവനും ചര്‍ച്ചകള്‍ ഉയര്‍ന്നതുകൊണ്ടാണ്. അന്‍പതോളം മണ്ഡലങ്ങളില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും രാജീവ് ജോസഫ് ആരോപിച്ചു. ചുരുങ്ങിയത് 150 മണ്ഡലങ്ങളില്‍ അട്ടിമറികള്‍ നടത്തി നാനൂറിലധികം സീറ്റുകള്‍ പിടിക്കുവാനാണ് ബിജെപി പദ്ധതി ഇട്ടിരുന്നത്. ഇത് നടക്കാതെ പോയത് ഇ.വി.എമ്മിനെതിരെ അതിശക്തമായ വിമര്‍ശങ്ങളും പരാതികളും രാജ്യം മുഴുവന്‍ ഉയര്‍ന്നപ്പോഴാണ്.
ഇ.വി.എം അട്ടിമറികള്‍ക്കെതിരെ ‘ഇന്ത്യാ അലയന്‍സ് – സപ്പോര്‍ട്ടേഴ്സ് ഫോറം’ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. ഇന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഊര്‍ജ്ജം പകരുവാന്‍വേണ്ടി, സഖ്യത്തെ പിന്തുണക്കുന്ന 28 പാര്‍ട്ടികളുടേയും അണികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ഒരു ജനകീയ മുന്നേറ്റമായിരുന്നു ‘ഇന്ത്യാ അലയന്‍സ് – സപ്പോര്‍ട്ടേഴ്സ് ഫോറം’. ഈ ഫോറത്തിന്റെ നേതൃത്വത്തില്‍, രണ്ട് മാസങ്ങള്‍ക്കുമുമ്പ് ഡെല്‍ഹി ആസ്ഥാനമായി ഒരു ‘വാര്‍ റൂം’ ആരംഭിക്കുകയും, ആറായിരത്തിലധികം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം നടത്തിയത്.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരം കോര്‍ഡിനേറ്റര്‍മാരും നൂറുകണക്കിന് അഭിഭാഷകര്‍ ഉള്‍പ്പെടുന്ന ഒരു നിയമവിദഗ്ദ്ധ സംഘവുമാണ്, ‘ഇന്ത്യാ അലയന്‍സ് – സപ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ’ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും, ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ രാജ്യവ്യാപകമായി തുടരുമെന്നും ‘ഇന്ത്യാ അലയന്‍സ് – സപ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ’ ചീഫ് കോര്‍ഡിനേറ്റര്‍ രാജീവ് ജോസഫ് വ്യക്തമാക്കി.
ഇ.വി.എം അട്ടിമറിക്കെതിരെ രാജ്യം
ജാഗ്രത പുലര്‍ത്തി; രാജീവ് ജോസഫ്